ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കാന്‍ ഐ.ടി. അറ്റ് സ്‌കൂളും ഡയറ്റും

Posted on: 09 Aug 2015ബ്ലോഗുകളില്‍ പാഠഭാഗങ്ങള്‍

കാസര്‍കോട്: ഡിജിറ്റല്‍ സങ്കേതങ്ങളുമായി ക്ലാസ് മുറികളില്‍ ആയാസരഹിതമായ പഠനത്തിന് ബ്ലോഗുകള്‍ പണിപ്പുരയില്‍. കാസര്‍കോട് ഡയറ്റും ഐ.ടി. അറ്റ് സ്‌കൂളും കൈകോര്‍ത്താണ് അധ്യയനത്തിനായി ബ്ലോഗുകള്‍ തയ്യാറാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പദ്ധതി നടപ്പിലാക്കുന്നതിനായി, തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ ഉള്‍ക്കൊള്ളിച്ച് കാസര്‍കോട്ട് ശില്പശാല നടത്തി.
വിവരസാങ്കോതിക വിദ്യയെ നൂതനമാര്‍ഗത്തിലൂടെ ഉപയോഗപ്പെടുത്തുന്ന പദ്ധതിക്ക് ടേംസ് (ഇ-റിസോഴ്‌സസ് മാനേജ്‌മെന്റ് സിസ്റ്റം ഫോര്‍ ടീച്ചേഴ്‌സ്) എന്നാണ് പേരിട്ടിരിക്കുന്നത്. എല്‍.സി.ഡി. പ്രൊജക്ടറും കംപ്യൂട്ടറുമുണ്ടെങ്കില്‍ ടേംസ് വഴി അധ്യയനം നടത്താന്‍ സാധിക്കും.
ഓരോ പാഠഭാഗവും കൈകാര്യം ചെയ്യുമ്പോള്‍ കുട്ടികളുടെ സംശയങ്ങള്‍ അധ്യാപകര്‍ക്ക് നേരിട്ട് വിശദീകരിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ബ്ലോഗ് പ്രയോജനപ്പെടുത്താം. പാഠങ്ങളിലെ ആശയങ്ങള്‍ക്കനുസൃതമായ വീഡിയോകള്‍, ചിത്രങ്ങള്‍, ആനിമേഷന്‍ ദൃശ്യങ്ങള്‍, പവര്‍പോയന്റ് പ്രസന്റേഷന്‍, വര്‍ക് ഷീറ്റുകള്‍ എന്നിവ ബ്ലോഗില്‍ ലഭ്യമാക്കും. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ എല്ലാ വിഷയങ്ങളെയും ബന്ധപ്പെടുത്തിയാണ് ബ്ലോഗ് തയ്യാറാക്കുന്നത്. ആദ്യഘട്ടത്തില്‍ എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ബ്ലോഗ് പൂര്‍ത്തിയായി. കായികപഠനവും ചിത്രകലയും ഡ്രില്ലുമെല്ലാം ബ്ലോഗില്‍ ലഭ്യമാകും. പ്രൈമറിവിഭാഗത്തിലെ ബ്ലോഗുകള്‍ കൂടി പൂര്‍ത്തിയാകുമ്പോള്‍ 75 ബ്ലോഗുകളുടെ ശൃംഖലയാണ് അധ്യാപകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. നേരത്തെ വെബ്‌സൈറ്റുകളില്‍ നിന്നാണ് അധ്യാപകര്‍ വിവരശേഖരണം നടത്തിയിരുന്നതെങ്കില്‍ ഇനി ഈ ബ്ലോഗിനെ മാത്രം ആശ്രയിച്ചാല്‍ മതിയാകും. വിദ്യാര്‍ഥികള്‍ക്കും ബ്ലോഗിന്റെ സൗകര്യം ഉപയോഗപ്പെടുത്താം.
നിലവില്‍ വിദ്യാലയങ്ങളില്‍ മള്‍ട്ടിമീഡിയ റൂമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിയുമായി കാസര്‍കോട്ടെ അധ്യാപകര്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി.വി.പുരുഷോത്തമന്‍, കെ.വിനോദ്കുമാര്‍, ഐ.ടി. അറ്റ് സ്‌കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി.രാജേഷ്, ഡി.ഡി.ഇ. സി.രാഘവന്‍ എന്നിവരാണ് ബ്ലോഗുകളുടെ രൂപരേഖ തയ്യാറാക്കുന്നതിന് നേതൃത്വം നല്കുന്നത്.

More Citizen News - Kasargod