സി.പി.എം. ജനകീയ പ്രതിരോധം: 67 കിലോമീറ്ററില്‍ ഒരു ലക്ഷം പേര് കണ്ണികളാകും
Posted on: 09 Aug 2015
കാസര്‍കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ സി.പി.എം. 11-ന് സംഘടിപ്പിക്കുന്ന ജനകീയപ്രതിരോധത്തില്‍ ഒരു ലക്ഷം പേര് കണ്ണികളാകും. ഉപ്പളയിലെ മഞ്ചേശ്വരം താലൂക്ക് ഓഫീസിനു മുന്നില്‍നിന്ന് ആരംഭിക്കുന്ന ജനകീയ പ്രതിരോധം 67 കിലോമീറ്റര്‍ നീളത്തില്‍ കാലിക്കടവിലെ ജില്ലാ അതിര്‍ത്തിവരെ തുടരും. മഞ്ചേശ്വരത്ത് പി.ബി. അംഗം എസ്.രാമചന്ദ്രന്‍പിള്ള ആദ്യ കണ്ണിയാകുമെന്ന് ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഉപ്പളയില്‍നിന്ന് കാസര്‍കോടുവരെ ദേശീയപാതയിലും കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ ചന്ദ്രഗിരി സംസ്ഥാനപാതയിലും കാഞ്ഞങ്ങാട് മുതല്‍ കാലിക്കടവ് വരെ വീണ്ടും ദേശീയപാതയിലുമാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക.
ചൊവ്വാഴ്ച വൈകിട്ട് നാല് മുതല്‍ അഞ്ചു വരെയാണ് ജനകീയ പ്രതിരോധത്തിന്റെ ഭാഗമായുള്ള ധര്‍ണ നടക്കുക. പ്രധാന കേന്ദ്രങ്ങളില്‍ നാല് മണിക്ക് പൊതുയോഗങ്ങള്‍ ആരംഭിക്കും. 4.50ന് ധര്ണയിലുള്ളവര് കൈകോര്‍ത്തുപിടിച്ച് പ്രതിജ്ഞ എടുക്കും. അഞ്ച് മണിക്ക് പരിപാടി അവസാനിക്കും. പി.കരുണാകരന് എം.പി. നീലേശ്വത്ത് പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.എച്ച്. കുഞ്ഞമ്പു പങ്കെടുത്തു.