പിലിക്കോട് ജനമനസ്സ് തൊട്ടറിഞ്ഞെന്ന് ഭരണപക്ഷം; രാഷ്ട്രീയവത്കരണമെന്ന് കോണ്‍ഗ്രസ്

Posted on: 09 Aug 2015നേട്ടവും കോട്ടവും

പിലിക്കോട്:
കാര്‍ഷിക സംസ്‌കൃതിയുടെ പൈതൃകം നെഞ്ചേറ്റുന്ന പിലിക്കോട് ഗ്രാമപ്പഞ്ചായത്ത്. പദ്ധതി ആസൂത്രണത്തിലും നിര്‍വഹണത്തിലും മികച്ച പ്രവര്‍ത്തനം നടത്തിയതിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും സമ്പൂര്‍ണ ശൂചിത്വ പദ്ധതി നടത്തിപ്പിലൂടെ നിര്‍മല്‍ പുരസ്‌കാരവും ആദ്യമെത്തിയത് മുന്‍ ഭരണസമിതികളുടെ കാലത്ത് പിലിക്കോട്ടേക്കായിരുന്നു. മുമ്പേ നടന്നവരുടെ പാത പിന്തുടര്‍ന്ന് ജനമനസ്സ് തൊട്ടറിഞ്ഞ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തിയതെന്ന് ഭരണപക്ഷം അവകാശപ്പെടുന്നു. പ്രതിപക്ഷ അംഗങ്ങളില്ലെങ്കിലും പഞ്ചായത്ത് ഒരുക്കിയ എല്ലാ പരിപാടികളിലും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണം തേടാറുണ്ടെന്നും ഭരണപക്ഷം പറയുന്നു.
രണ്ടുതവണ ഒരു വാര്‍ഡ് (പിലിക്കോട്-1) കൈമോശം വന്നതൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ ഒരിക്കലും കൈവിട്ടിട്ടില്ലാത്ത പഞ്ചായത്താണ് പിലിക്കോട്. ജനകീയകൂട്ടായ്മയോടെ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ കഴിയുന്നത് മികച്ച നേട്ടമായി ഭരണസമിതി കാണുന്നു. ജൈവകൃഷി രംഗത്ത് നല്ല മുന്നേറ്റമുണ്ടാക്കാന്‍ ഹരിതം പിലിക്കോട്, ഹരിതവിദ്യ, തേനിച്ചവളര്‍ത്തല്‍, എല്ലാ വീട്ടിലും മഞ്ഞള്‍ പദ്ധതിയിലൂടെ സാധ്യമായി. അങ്കണവാടികളുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തിയതിലൂടെ ശിശുസൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുത്തു. പരമ്പരാഗത ശിശു പരിപാലനം പ്രോല്‍സാഹിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച ബാലസൗഖ്യം ഗുണപരമായി. നാട്ടുവഴികളുടെ പുനരുദ്ധാരണത്തിലൂടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തി. പഞ്ചായത്ത് കാര്യാലത്തോട് ചേര്‍ന്ന് സ്ഥാപിച്ച ഫിസിയോതെറാപ്പി സെന്റര്‍ കിടപ്പിലായ രോഗികളെ തിരിച്ചുകൊണ്ടുവരാന്‍ സഹായകമായി തുടങ്ങിയവയാണ് കഴിഞ്ഞ അഞ്ചുവര്‍ഷകാലത്തെ മികച്ച നേട്ടങ്ങളായി പഞ്ചായത്ത് ഭരണസമിതി അവകാശപ്പെടുന്നത്.
തൊഴിലുറപ്പ് പദ്ധതി ഉള്‍പ്പെടെ പഞ്ചായത്തില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം രാഷ്ട്രീയവത്കരിച്ചുവെന്നാണ് കോണ്‍ഗ്രസ്സിന്റെ ആക്ഷേപം. പ്രതിപക്ഷ അംഗങ്ങളില്ലാത്ത പഞ്ചായത്തെന്നതിനാല്‍ പരിപാടികളെല്ലാം സി.പി.എമ്മിന് വേണ്ടപ്പെട്ടവരുടേതായി മാറ്റി. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പ്രവര്‍ത്തനങ്ങളുണ്ടായില്ല. കാലിക്കടവ് മൈതാനം സ്റ്റേഡിയമാക്കണമെന്ന കായിക പ്രേമികളുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് സ്ഥായിയായ പദ്ധതി നടപ്പാക്കാതെ ചെറു പദ്ധതികളുണ്ടാക്കി അഴിമതിക്ക് കളമൊരുക്കി. ഓവുചാലുകളുടെ അഭാവം നാട്ടുറോഡുകള്‍ മഴക്കാലത്ത് തോടുകളായി മാറുന്ന സ്ഥിതിയുണ്ടായി. പ്രയാസമേതുമില്ലാതെ ബസ് കയറുന്നതിന് സ്റ്റാന്‍ഡ് ഒരുക്കണമെന്ന യാത്രക്കാരുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല തുടങ്ങിയ ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
രൂപവത്കരണം -1949
വാര്‍ഡുകള്‍ - 16
ജനസംഖ്യ - 24538
വിസ്തൃതി - 26.77 ച.കി.മീ
കക്ഷിനില സി.പി.എം. - 15
സി.പി.ഐ - 1
എല്ലാ വിഭാഗം ജനങ്ങളെയും
തൃപ്തരാക്കി-എ.വി.രമണി (പഞ്ചായത്ത് പ്രസിഡന്റ്, സി.പി.എം.)* പഞ്ചായത്ത് കാര്യാലയത്തിനുവേണ്ടി അനക്‌സ് കെട്ടിടം പണിതു.
* പൈതൃക നാട്ടുമാവ് സംരക്ഷണ പദ്ധതി 16 വാര്‍ഡുകളിലും വ്യാപിപ്പിച്ചു.
* 'ഹരിതം പിലിക്കോട്' പദ്ധതി നിര്‍വഹണത്തിലൂടെ ജൈവ പച്ചക്കറി കൃഷിയിലും കാര്‍ഷികമേഖലയിലും മുന്നേറ്റം
*കിടപ്പിലായ രോഗികളെ തിരിച്ചുകൊണ്ടുവരാന്‍ കഴിയുംവിധം ഫിസിയോതെറാപ്പി സെന്റര്‍ പ്രാവര്‍ത്തികമാക്കി
* സ്ത്രീശാക്തീകരണത്താനായി 16 എ.ഡി.എസ്. സെക്രട്ടറിമാര്‍ക്കും സൈക്കിള്‍ വിതരണം ചെയ്തു.
*മാലിന്യസംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്നതിനായി ഓരോ വാര്‍ഡിലും 200 വീതം പൈപ്പ് കമ്പോസ്റ്റ് സ്ഥാപിച്ചു.

സര്‍വമേഖലകളിലും രാഷ്ട്രീയവത്കരണം -കെ.കുഞ്ഞികൃഷ്ണന്‍ (പ്രസിഡന്റ്, പിലിക്കോട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി)
* മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി രാഷ്ട്രീയവത്കരിച്ചു.
* കാര്‍ഷികമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികളുണ്ടായില്ല.
* ആസൂത്രണത്തിലെ പോരായ്മ കാരണം മഴക്കാലത്ത് വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റാത്തവിധം റോഡുകള്‍ തോടുകളായി മാറി.
* കാലിക്കടവ് മൈതാനം സ്റ്റേഡിയമാക്കണമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനായില്ല.
*പിലിക്കോട് പഞ്ചായത്തിന്റെ കണ്ണായ കാലിക്കടവില്‍ മഴയെത്തിയാല്‍ ചെളി നിറയും. കാല്‍നടയാത്രപോലും ദുസ്സഹം.
*പിലിക്കോടിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമുണ്ടാക്കാനായില്ല.


More Citizen News - Kasargod