ശിങ്കാരവേലുവിന് പഠിക്കാന്‍ ഇനി ലാപ്ടോപ്പ്
Posted on: 08 Aug 2015
പാനൂര്‍: ഒഴിവുദിവസങ്ങളില്‍ ആക്രിസാധനങ്ങള്‍ പെറുക്കിവില്ക്കുകയും തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് കടവരാന്തയില്‍ കിടന്നുറങ്ങുകയും ചെയ്യുന്ന ശിങ്കാരവേലുവിന് എല്ലാം സ്വപ്നംപോലെയാണ് തോന്നുന്നത്. അഞ്ച് ദിവസത്തിനുള്ളില്‍ സ്വന്തമായത് 10,000 രൂപയും ഒരു ലാപ്ടോപ്പും.
ആക്രിസാധനങ്ങള്‍ പെറുക്കിവില്‍ക്കുന്ന നാടോടിക്കുടുംബത്തിലെ അംഗമാണ് ഇപ്പോള്‍ മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റിലെ രണ്ടാംസെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ഥിയായ ശിങ്കാരവേലു. .
ലാപ്ടോപ്പില്ലാത്തതുകാരണം പഠനത്തിന് ഏറെ പ്രയാസംഅനുഭവപ്പെട്ടു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ച മന്ത്രി കെ.പി.മോഹനനെ കണ്ട് ലാപ്ടോപ്പിന് അഭ്യര്‍ഥിച്ചത്. പാര്‍ട്ടി കണ്വെന്ഷനിലായിരുന്ന മന്ത്രി 10,000 രൂപ പ്രവര്‍ത്തകരില്‍നിന്ന് പിരിച്ചെടുത്ത് ശിങ്കാരവേലുവിന് നല്‍കുകയും ലാപ്ടോപ്പ് നല്‍കുമെന്ന് അറിയിക്കുകയുമായിരുന്നു.
വെള്ളിയാഴ്ച പാനൂര്‍ ബി.ആര്.സി.യില്‍ ഉപജില്ലയിലെ ഉന്നതവിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ മന്ത്രി ശിങ്കാരവേലുവിന് ലാപ്ടോപ്പ് സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വസന്തകുമാരി അധ്യക്ഷതവഹിച്ചു. പാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രീത അശോക്, എ.ഇ.ഒ. സി.കെ.സുനില്‍കുമാര്‍, സുകുമാരന്‍, പി.പി.ഷാജി, വി.പി.കുമാരന്, പ്രേമ കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.