വെള്ളക്കെട്ടിലേക്ക് മറിഞ്ഞ ബസ് കരയ്ക്കെത്തിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
Posted on: 08 Aug 2015
മയ്യിച്ചയിലെ അപകടപരമ്പര
ചെറുവത്തൂര്‍: മയ്യിച്ചയില്‍ വെള്ളിയാഴ്ച രാവിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ കെ.എസ്.ആര്.ടി.സി. ബസ് നീക്കംചെയ്യുന്നത് നാട്ടുകാര്‍ തടഞ്ഞു. ദേശീയപാതയിലുണ്ടാകുന്ന അപകടം ഒഴിവാക്കുന്നതിന് സുരക്ഷാ സംവിധാനമേര്‍പ്പെടുത്തുമെന്ന് അധികൃതരുടെ പ്രഖ്യാപനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണിത്.
മയ്യിച്ചയില്‍ അപകടങ്ങള്‍ പതിവായതാണ് നാട്ടുകാരെ രോഷാകുലരാക്കിയത്. ജൂണ്‍ 26-നുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയ രജീഷ് വൈദ്യുതക്കമ്പിയില്‍ തട്ടി ഷോക്കേറ്റ് വീണിരുന്നു. വലതുകൈ മുറിച്ചു മാറ്റി ഇപ്പോഴും മംഗലാപുരത്ത് ചികിത്സയിലാണ്. അപകടത്തെത്തുടര്‍ന്ന് രോഷാകുലാരായ നാട്ടുകാര്‍ അന്ന് ദേശീയപാത ഉപരോധിക്കുകയുണ്ടായി. ഒരാഴ്ചയ്ക്കകം സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.
അധികൃതര്‍ സ്ഥലസന്ദര്‍ശനം നടത്തിയതൊഴിച്ചാല്‍ ഒന്നരമാസം കഴിഞ്ഞിട്ടും മറ്റു നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ കെ.എസ്.ആര്.ടി.സി. ബസ് കരയ്ക്കെത്തിക്കുന്നത് രാവിലെ തടഞ്ഞത്. ഉച്ചയോടെ കളക്ടറും പൊതുമരാമത്ത് വകുപ്പ് അധികൃതരും ഇടപെട്ട് ആഗസ്ത് 20-ന് പ്രവൃത്തി തുടങ്ങുമെന്ന് ഉറപ്പുനല്‍കിയ ശേഷമാണ് ബസ് നീക്കംചെയ്യാന്‍ നാട്ടുകാര്‍ അനുവദിച്ചത്. അധികൃതര്‍ വാക്ക് പാലിച്ചില്ലെങ്കില്‍ 21-ന് ദേശീയപാത ഉപരോധിക്കുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്കി.