സാഹിത്യോത്സവം ഇന്ന് തുടങ്ങും

Posted on: 08 Aug 2015എര്‍മാളം: എസ്.എസ്.എഫ്. കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവിന് ശനിയാഴ്ച തുടക്കം. മൂന്നുമണിക്ക് എര്‍മാളം ശദീദ് നഗറിലാണ് രണ്ടുദിവസത്തെ പരിപാടി. എസ്.എസ്.എഫ്. സ്റ്റേറ്റ് വിസ്ഡം കണ്‍വീനര്‍ സി.എന്‍.ജഅ്ഫര്‍ ഉദ്ഘാടനംചെയ്യും. ആറ് വിഭാഗങ്ങളിലായി 87 ഇനം മത്സരങ്ങള്‍ നടക്കും. ഒമ്പതിന് നടക്കുന്ന സമാപനസംഗമം ഹമീദ് മുസ്ലിയാര്‍ ആലംപാടി ഉദ്ഘാടനംചെയ്യും. അവലോകനയോഗം കെ.എം.കളത്തൂര്‍ ഉദ്ഘാടനംചെയ്തു. മുനീറുല്‍ അഹ്ദല്‍ അധ്യക്ഷത വഹിച്ചു. ഇല്‍യാസ് സഖാഫി പാടലടുക്ക, ശംസീര്‍ സൈനി, സിറാജ് കോട്ടക്കുന്ന്, സാബിത്ത് മുഗു, തസ്ലിം കുന്നില്‍, ഇര്‍ഫാദ് മായിപ്പാടി, സ്വാദിഖ് എര്‍മാളം എന്നിവര്‍ സംസാരിച്ചു.

റിലയന്‍സിനെ ഏല്പിച്ചത് തെറ്റ് -വിദ്യാര്‍ഥി ജനത

കാസര്‍കോട്:
എസ്.ബി.ടി.യുടെ വിദ്യാഭ്യാസവായ്പ പിരിച്ചെടുക്കാന്‍ റിലയന്‍സിനെ ഏല്പിച്ചത് അപഹാസ്യമായതിനാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് വിദ്യാര്‍ഥി ജനത ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസവായ്പക്ക് കാര്‍ഷികവായ്പയുടെ പരിഗണന നല്കണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുള്‍റാഷിദ് അധ്യക്ഷത വഹിച്ചു. എം.കെ.സുകേഷ്, കെ.വി.അഖില്‍, എം.കെ.ശ്വേത, പി.വി.ശരത്, അനുരാജ്, അശോക് എന്നിവര്‍ പ്രസംഗിച്ചു.

തെളിവെടുപ്പ് 10-ന്

കാസര്‍കോട്:
പേപ്പര്‍ ഉത്പാദനവ്യവസായമേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കിനിശ്ചയിക്കുന്നതിനുള്ള ഉപസമിതിയുടെ തെളിവെടുപ്പുയോഗം 10-ന് രാവിലെ 11 മണിക്ക് എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. കാസര്‍കോട് ജില്ലയിലെ തൊഴിലാളി, തൊഴിലുടമ പ്രതിനിധികള്‍ക്ക് തെളിവുനല്കാം.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

കാസര്‍കോട്:
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയില്‍നിന്ന് ആനുകൂല്യങ്ങള്‍ വിതരണംചെയ്യുന്നതിന്റെ ഭാഗമായി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കുന്നു. അപേക്ഷാഫോറവും വിശദവിവരങ്ങളും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍നിന്ന് ലഭിക്കും. ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ ജില്ലാതലത്തില്‍ എസ്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി., എച്ച്.എസ്.ഇ., വി.എച്ച്.എസ്.ഇ. എന്നീ വിഭാഗങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിവര്‍ക്ക് യാഥാക്രമം 2000, 1500, 1000 രൂപ വീതം നല്കും. അപേക്ഷ 13-നകം ക്ഷേമനിധി ഓഫീസില്‍ ലഭിക്കണം.

യുവജനദിനം പോസ്റ്റര്‍രചനമത്സരം

കാസര്‍കോട്:
അന്താരാഷ്ട്ര യുവജനദിനത്തിന്റെ ഭാഗമായി സാമൂഹികനീതിവകുപ്പ് സ്‌കൂള്‍കുട്ടികള്‍ക്ക് പോസ്റ്റര്‍രചനമത്സരം നടത്തുന്നു. 'ലിംഗസമത്വവും സ്ത്രീശാക്തീകരണവും' എന്ന വിഷയത്തെ അധികരിച്ചാണ് ഒമ്പത്, പത്ത് ക്ലാസുകളിലും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലും പഠിക്കുന്നവര്‍ക്ക് പോസ്റ്റര്‍രചനമത്സരം സംഘടിപ്പിക്കുന്നത്. ആഗസ്ത് 11-നകം സ്‌കൂള്‍തലമത്സരം സംഘടിപ്പിക്കണം. മത്സരത്തിലെ ഒന്നാംസ്ഥാനക്കാരെ ആഗസ്ത് 12-ന് കാസര്‍കോട് നടക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കും. ജില്ലാതലത്തില്‍ മത്സരിക്കുന്നതിന് ആവശ്യമായ സാധനസാമഗ്രികള്‍ മത്സരാര്‍ഥികള്‍ കൊണ്ടുവരണം. വിജയികള്‍ക്ക് കാഷ് അവാര്‍ഡ് നല്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04994 256990, 9895982476.

വ്യാപാരദിനത്തിന് ന്യൂഡല്‍ഹിയിലേക്ക് 15 പേര്‍

കാസര്‍കോട്:
ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നടക്കുന്ന വ്യാപാരദിനപരിപാടിയില്‍ പങ്കെടുക്കാന്‍ കാസര്‍കോട്ടുനിന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ 15 പേര്‍ പുറപ്പെട്ടു. ദേശീയവ്യാപാരദിനം പതാക ഉയര്‍ത്തിയും മധുരപലഹാരം വിതരണംചെയ്തും ആഘോഷിക്കണമെന്ന് ഏകോപനസമിതി യൂണിറ്റുകളോട് ജില്ലാ പ്രസിഡന്റ് കെ.അഹമ്മദ് ഷെറീഫ് അഭ്യര്‍ഥിച്ചു.

മലയാളം ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കാസര്‍കോട്:
കാസര്‍കോട് ഗവ. കോളേജില്‍ മലയാളം ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോഴിക്കോട്‌ െഡപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് റജിസറ്റര്‍ചെയ്തവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്ത് 10-ന് 10.30-ന് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

More Citizen News - Kasargod