ചിന്നുമോള്‍ക്ക് സഹപാഠികളുടെ സ്നേഹവീട്
Posted on: 07 Aug 2015
പെരിയ: അവര്‍ നന്മയുടെ വാതിലുകള്‍ തുറന്നു. ബന്ധുവീടിന്റെ ചായ്പില്‍ ചിന്നുമോള്‍ക്കും കുടുംബത്തിനും ഇനി അന്തിയുറങ്ങേണ്ട. പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ കുട്ടികള്‍ ചാലിച്ച സ്നേഹത്തില്‍ പുതിയ വീട് ഉയര്‍ന്നു.
ആറാംക്ലാസുകാരിയായ ചിന്നുമോള് അമ്മയുടെയും അനുജത്തിമാരുടെയും കൈപിടിച്ച് സഹപാഠികളുടെ സ്നേഹവീട്ടിലേക്ക് പടികയറി.
ഈ വര്‍ഷത്തെ പ്രവേശനോത്സവത്തില്‍ ചിന്നുമോള് തളര്‍ന്നുവീണിരുന്നു. തളര്‍ച്ചയുടെ കാരണം അന്വേഷിച്ചപ്പോള്‍ അവള് ഒന്നും കഴിക്കാതെയാണ് എത്തിയതെന്ന് മനസ്സിലായി. കുട്ടികളും അധ്യാപകരും ഒരുമിച്ച് അവളുടെ വീട്ടിലെത്തി. അത് ബന്ധുവീടായിരുന്നു. അമ്മ അനിത ചിന്നുമോളെയും കൈക്കുഞ്ഞ് ഉള്‍പ്പെടെയുള്ള മറ്റ് മക്കളെയും മാറോടുചേര്‍ത്ത് ആ വീടിന്റെ ചായ്പില്‍ കഴിയുന്ന ദയനീയ ചിത്രമാണ് അവിടെയെത്തിയവര്‍ കണ്ടത്. അപ്പോള്‍ തന്നെ കുട്ടികളും അധ്യാപകരും ചേര്‍ന്ന് ചിന്നുമോള്‍ക്ക് വീട് വെച്ചുകൊടുക്കുമെന്ന് ഉറപ്പിക്കുകയായിരുന്നു. ഈ പ്രതിജ്ഞ സഫലമാക്കാന്‍ നാട്ടുകാരും കൈകോര്‍ത്തു. മാതൃഭൂമി വാര്‍ത്തയും തുണയായി. മൂന്നരലക്ഷം രൂപ ചെവവഴിച്ച് പെരിയ കാലിയടുക്കത്ത് വീടുവെച്ച് നല്കി.
സ്നേഹവീടെന്ന് പേരിട്ട വസതിയുടെ താക്കോല്‍ദാനം കുട്ടികള്‍ തന്നെ നിര്‍വഹിച്ചു. സ്കൂളില്‍ പി.ടി.എ.യുടെ പായസവിതരണവും നടന്നു.