നഗരസഭ വിലക്കിയിട്ടും കെട്ടിടനിര്‍മാണം; പോലീസ് സഹായത്തോടെ തടഞ്ഞു

Posted on: 06 Aug 2015നീലേശ്വരം: നഗരസഭ വിലക്കിയിട്ടും രഹസ്യമായി നടത്തിയ കെട്ടിടത്തിന്റെ നിര്‍മാണം പോലീസിന്റെ സഹായത്തോടെ ജീവനക്കാര്‍ തടഞ്ഞു. നീലേശ്വരം നഗരമധ്യത്തില്‍ കടിഞ്ഞിക്കടവ് റോഡരികില്‍ നിര്‍മിച്ചുവരുന്ന ഷോപ്പിങ് കവാട നിര്‍മാണമാണ് ബുധനാഴ്ച ഉച്ചയ്ക്ക് വന്‍ പോലീസ് സഹായത്തോടെ തടഞ്ഞത്.
തീരദേശപരിപാലനനിയമം ലംഘിച്ച് നീലേശ്വരം പുഴയോരത്താണ് കെട്ടിടനിര്‍മാണം നടന്നുവരുന്നത്. നിര്‍മാണം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി നിര്‍മാണസ്ഥലത്ത് സ്റ്റോപ്പ് മെമ്മോ പതിച്ചിരുന്നു. എന്നാല്‍, നഗരസഭയുടെ വിലക്ക് ലംഘിച്ച് സ്റ്റോപ്പ് മെമ്മോ പറിച്ചുമാറ്റി നിര്‍മാണം തുടരുകയായിരുന്നു.
നഗരസഭാ എന്‍ജിനീയറിങ് വിഭാഗവും റവന്യൂ അധികാരികളും പോലീസും നിര്‍മാണം നിര്‍ത്തിവെക്കാന്‍ െചാവ്വാഴ്ച കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ നൂറോളം ജോലിക്കാരെത്തി പുഴയോരത്തുനിന്ന് രഹസ്യമായി നിര്‍മാണം നടത്തുന്ന വിവരം നഗരസഭാ സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം വിവരം കളക്ടര്‍, നഗരസഭാ സംസ്ഥാന ഡയറക്ടര്‍ എന്നിവരെ അറിയിച്ചു. നീലേശ്വരം സി.ഐ. കെ.ഇ.പ്രേമചന്ദ്രനെ നേരില്‍കണ്ട് പരാതി നല്‍കുകയും ചെയ്തു. ഉടനടി എസ്.ഐ. പി.ജെ.ജോസിന്റെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സംഘവും നഗരസഭാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കെട്ടിടനിര്‍മാണം പൂര്‍ണമായും തടയുകയായിരുന്നു.
2011-ലാണ് കെട്ടിടനിര്‍മാണത്തിനായി നഗരസഭ അനുമതി നല്‍കിയത്. എന്നാല്‍, 2014-ലാണ് നിര്‍മാണപ്രവൃത്തികള്‍ ആരംഭിക്കുന്നത്. അതിനിടയില്‍ നിര്‍മാണം തീരദേശപരിപാലനനിയമം ലംഘിച്ചാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നഗരസഭ അനുമതി റദ്ദാക്കി. ഇതിനെതിരെ കെട്ടിട ഉടമ ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കുകയും നഗരസഭയുടെ അനുമതി റദ്ദാക്കല്‍ സ്റ്റേ ചെയ്യുകയും ചെയ്തു. നഗരസഭ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഒരുമാസത്തിനുശേഷം തീര്‍പ്പാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതിനിടയിലാണ് രഹസ്യമായി കെട്ടിടനിര്‍മാണം നടന്നുവരുന്ന വിവരം നഗരസഭയുടെ ശ്രദ്ധയില്‍പ്പെട്ടത്. കോടതിയുടെ പരിഗണനയിലുള്ള നിര്‍മാണം നഗരസഭ വിലക്കിയിട്ടും വീണ്ടും രഹസ്യമായി നടത്തിയതാണ് പ്രശ്‌നം വഷളാകാന്‍ ഇടയാക്കിയത്. പ്രശ്‌നപരിഹാരം ഉണ്ടാകുന്നതുവരെ നിര്‍മാണം പാടില്ലെന്ന് പോലീസും നഗരസഭയും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്.

More Citizen News - Kasargod