കാട്ടാന നാട്ടിലിറങ്ങി: ഗ്രാമങ്ങള്‍ ഭീതിയില്‍
Posted on: 06 Aug 2015
രാജപുരം: ഒറ്റക്കൊമ്പന് കാടിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലായി. പനത്തടി പഞ്ചായത്തിലെ കടമല, താന്നിക്കാല്‍, ചെമ്പംവയല്‍ എന്നീ പ്രദേശങ്ങളിലാണ് ഒറ്റക്കൊമ്പന് ഭീതിപരത്തുന്നത്.
ബുധനാഴ്ച രാവിലെയാണ് സൗരോര്ജവേലിയില്ലാത്ത വനാതിര്‍ത്തിയിലെ താന്നിക്കാല്‍ ഭാഗത്തുകൂടി കാട്ടാന ജനവാസകേന്ദ്രത്തിലെത്തിയത്. ജോലിക്കുപോകുകയായിരുന്ന സതീഷും ഭാര്യയും ആദ്യം ഇതിനെ കണ്ടു. ആനയുടെ മുന്നില്‍പ്പെട്ട ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പുളിംകൊച്ചി ഭാഗത്തെ 30 കുടുംബങ്ങളും കടമലയിലെ 25 കുടുംബങ്ങളും ചെമ്പന്‍ വയലിലെ 12 കുടുംബങ്ങളും ഇതോടെ ഭീതിയിലായി.
ആനയെ ഓടിക്കാനുള്ള ശ്രമത്തിനിടെ കൊല്ലടുക്കത്തെ കൃഷ്ണന്(60), ഉണ്ണി എന്നിവര്‍ക്ക് വീണു പരിക്കേറ്റു.
കാട്ടാനയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഫോട്ടോഗ്രാഫര്‍ പ്രകാശന് കള്ളാറിനെ ആന ഓടിച്ചു. പ്രദേശത്തെ പന്ത്രണ്ട് സ്കൂള്‍വിദ്യാര്‍ഥികളുടെ പഠനം ആനയിറങ്ങിയതോടെ മുടങ്ങി. ആനയെ കാട്ടിലേക്ക് തിരിച്ചുവിടാനായി എം.ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍നിന്ന് വനംവകുപ്പിന്റെ ദ്രുതകര്മസേനയുമെത്തിയിട്ടുണ്ട്. അമ്പലത്തറ എസ്.ഐ. രഞ്ജിത്ത് രവീന്ദ്രന്, രാജപുരം എസ്.ഐ സുരേഷ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും പ്രദേശത്ത് നിലയുറപ്പിട്ടുണ്ട്. കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ എം.പി.പ്രഭാകരന്, പനത്തടി സെക്ഷന്‍ ഓഫീസര്‍ കെ.മധുസൂദനന്, മരുതോം സെക്ഷന്‍ ഓഫീസര്‍ എസ്.എന്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും നാട്ടുകാരും രാത്രി വൈകിയും ആനയെ കാട്ടിലേക്കു തിരിച്ചുവിടാനുള്ള ശ്രമത്തിലായിരുന്നു.