കോട്ടച്ചേരി സൊസൈറ്റിക്ക് സാമ്പത്തിക പ്രതിസന്ധി; ഒന്നരക്കോടിക്ക് സ്ഥലം വില്‍ക്കുന്നു
Posted on: 06 Aug 2015
ഇ.വി.ജയകൃഷ്ണന്
കാഞ്ഞങ്ങാട്: ഉത്തരമലബാറിലെ ആദ്യകാല കര്‍ഷക കൂട്ടായ്മയായ കോട്ടച്ചേരി സഹകരണ മാര്‍ക്കറ്റിങ് സൊസൈറ്റി സാമ്പത്തികപ്രതിസന്ധിയില്‍. വലിയ ബാധ്യതയും സാമ്പത്തികപ്രതിസന്ധിയും മറികടക്കാന്‍ സൊസൈറ്റിയുടെ ഒരേക്കര്‍ സ്ഥലം വില്ക്കാന് ഭരണസമിതി തീരുമാനിച്ചു. ഒന്നരക്കോടിയാണ് സ്ഥലത്തിന്റെ മതിപ്പുവില കണക്കാക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയില്‍ അമ്പലത്തറ പാറപ്പള്ളിക്കടുത്തുള്ള സ്ഥലമാണ് വില്‍ക്കുന്നത്. ഇവിടെ നാളികേര സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടുചേര്‍ന്നുള്ള 4.60 ഏക്കര്‍ സ്ഥലത്തില്നിന്നാണ് ഒരേക്കര്‍ വില്ക്കാന് തീരുമാനിച്ചിരിക്കുന്നത്.
സൊസൈറ്റി ജീവനക്കാര്‍ വിരമിക്കുമ്പോള്‍ കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ ഉള്‍െപ്പടെ വലിയ ബാധ്യതയാണുള്ളതെന്ന് പ്രസിഡന്റ് സോമിമാത്യു പറഞ്ഞു. വിവിധ കാലയളവില്‍ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം ഇനത്തില്‍ത്തന്നെ 28 ലക്ഷം കൊടുക്കാനുണ്ട്. ഇത് സ്ഥിരനിക്ഷേപമായി കണക്കാക്കിയുള്ള തുകയാണ് നല്‍കേണ്ടത്. ഇത്തരത്തിലുള്ള പല സ്ഥിരനിക്ഷേപങ്ങള്‍ക്കും മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ പലിശ കൊടുക്കേണ്ടിവന്നു. ഇതാണ് ഈ ഇനത്തില്‍ മാത്രം ഇത്രയധികം തുക ബാധ്യതയായതെന്നും പ്രസിഡന്റ് പറഞ്ഞു.
കാഞ്ഞങ്ങാട് കോട്ടച്ചേരി ആസ്ഥാനമായുള്ള സൊസൈറ്റിക്ക് അമ്പലത്തറയ്ക്ക് പുറമെ ഒടയഞ്ചാലിലും ശാഖകളുണ്ട്. ഒന്നിലേറെ കേന്ദ്രങ്ങളിലായി വളം ഡിപ്പോകളുമുണ്ട്. കൃഷിക്കാരെ സഹായിക്കാനും കാര്‍ഷികമേഖല പുഷ്ടിപ്പെടുത്താനും ലക്ഷ്യമിട്ട് 1932-ലാണ് കോട്ടച്ചേരി സഹകരണ മാര്‍ക്കറ്റിങ് സൊസൈറ്റി തുടങ്ങിയത്. പ്രതിവര്‍ഷം കാല്‍ക്കോടിയോളം ലാഭമുണ്ടായിരുന്ന സൊസൈറ്റിയാണിത്. 1995-നുശേഷം ലാഭം കുറയാന്‍തുടങ്ങി. 2002 മുതല്‍ ലാഭം ഇല്ലാതായി. പിന്നീടുള്ള ഏഴുവര്‍ഷം തുടര്‍ച്ചയായി നഷ്ടംതന്നെ. ഇത്രയും വര്‍ഷത്തെ നഷ്ടം ഒരുകോടിയോളം വരുമെന്ന് അന്നത്തെ ഓഡിറ്റിങ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2009 മുതല്‍ സൊസൈറ്റി ലാഭത്തിലേക്കെത്തി. എങ്കിലും വിരമിക്കുന്ന ജീവനക്കാരുടെ ആനുകൂല്യം കൊടുക്കുന്നതിനോ നേരത്തേയുണ്ടായ നഷ്ടം പൂര്‍ണമായും നികത്തുന്നതിനോ കഴിഞ്ഞില്ല. അമ്പലത്തറയിലെ സ്ഥലം വില്ക്കാന് 2010-ല്‍ത്തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍, അന്നത്തെ ജനറല്‍ ബോഡി യോഗം ഭരണസമിതി തീരുമാനത്തോട് വിയോജിച്ചു.
ഇപ്പോള്‍ എല്ലാ തടസ്സങ്ങളും മാറിയെന്നും സ്ഥലം വിറ്റുകിട്ടിയാല്‍ ഹെഡ് ഓഫീസ് പുതുക്കിപ്പണിയുന്നതടക്കുമുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. കോണ്‍ഗ്രസ്-ലീഗ്-ബി.ജെ.പി. പാര്‍ട്ടികളുടെ കൂട്ടുകക്ഷി ഭരണമാണ് സൊസൈറ്റിയിലേത്.