മണ്ണിനെ തൊട്ടറിഞ്ഞ് സീഡ് വിദ്യാര്‍ഥികള്‍

Posted on: 05 Aug 2015കാഞ്ഞങ്ങാട്: മണ്ണിനെക്കുറിച്ച് പഠിക്കാന്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികള്‍ നാട്ടിലിറങ്ങിയപ്പോള്‍ ലഭിച്ചത് 22 ഇനം സാമ്പിളുകള്‍. ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാതൃഭൂമി സീഡ് വിദ്യാര്‍ഥികളാണ് മണ്ണിന്റെ മനസ്സ് തൊട്ടറിയാന്‍ വേറിട്ട ഉദ്യമവുമായി രംഗത്തെത്തിയത്.
ശാസ്ത്രീയമായി വ്യത്യസ്തപേരുകളില്‍ അറിയപ്പെടുന്ന മണ്ണുസാമ്പിളുകള്‍ നാട്ടില്‍നിന്നുതന്നെ ശേഖരിച്ച വിദ്യാര്‍ഥികള്‍ അതിനെക്കുറിച്ചുള്ള കൂടുതല്‍ അറിവിനായി ജിയോളജിസ്റ്റിന്റെ സഹായവും തേടി. കോളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടറായി വിരമിച്ച പ്രൊഫ. ഗോപിനാഥാണ് വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ തീര്‍ത്തത്. ഇതിനായി സ്‌കൂളില്‍ പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.
പഠനം പൂര്‍ത്തിയാക്കിയ മണ്ണുസാമ്പിളുകളുടെ പ്രദര്‍ശനം ചൊവ്വാഴ്ച സ്‌കൂളില്‍ നടന്നു. സാമ്പിളുകളുടെ പ്രദര്‍ശനത്തോടൊപ്പം അവയുടെ സ്വഭാവം, ഈര്‍പ്പം, വളക്കൂറ്, ധാതുക്കളുടെ സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള ലഘുവിവരണവും വിദ്യാര്‍ഥികള്‍ എഴുതി പ്രദര്‍ശിപ്പിച്ചു.
നാട്ടിലെ വ്യത്യസ്ത പ്രദേശങ്ങളില്‍നിന്ന് ശേഖരിച്ച മണ്ണുസാമ്പിളുകള്‍ പ്രാദേശിക ഭൂപടം തയ്യാറാക്കി അതില്‍ ഒട്ടിച്ചുവെച്ചത് പ്രത്യേക ശ്രദ്ധനേടി. വിദ്യാര്‍ഥികളായ സോഹുലും ശ്രേയസ്സുമാണ് ഭൂപടം തയ്യാറാക്കിയത്. ഭൂപട പരിശോധനയിലൂടെ നാട്ടിലെ മണ്ണിന്റെ വ്യത്യസ്തത ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
വിദ്യാര്‍ഥികളുടെ മണ്ണുപഠനത്തിനും പ്രദര്‍ശനത്തിനും സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.എന്‍.മാധുരി നേതൃത്വംനല്കി. അമിന്‍ പ്രേമിന്റെ നേതൃത്വത്തിലുള്ള 50 സീഡ് വിദ്യാര്‍ഥികളാണ് പ്രദര്‍ശനമൊരുക്കിയത്.

More Citizen News - Kasargod