ഓപ്പറേഷന്‍ രുചി: ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ബോധവത്കരണ സെമിനാര്‍ ഇന്ന്

Posted on: 05 Aug 2015



കാസര്‍കോട്: ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് ബുധനാഴ്ച ബോധവത്കരണ സെമിനാര്‍ നടത്തും. 'ഓപ്പറേഷന്‍ രുചി' എന്ന പേരില്‍ നടപ്പാക്കുന്ന തീവ്രയത്‌ന പരിപാടിയുടെ ഭാഗമായാണ് ജില്ലാതല സെമിനാര്‍.
കാസര്‍കോട് പഴയ ബസ്സ്റ്റാന്‍ഡ് വ്യാപരഭവനില്‍ രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് 3.30 വരെ നടക്കുന്ന സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. നഗരസഭാ ചെയര്‍മാന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷത വഹിക്കും. ഡോ. ആനന്ദവല്ലി, പാന്‍ ഇന്ത്യ ഡയറക്ടര്‍ സി.ജയകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
ഭക്ഷ്യോത്പാദക-വിതരണ-വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ പ്രത്യേകിച്ച് ഹോട്ടല്‍, ബേക്കറി വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ക്ലാസില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരിശീലന സര്‍ട്ടിഫിക്കറ്റ് നല്കും.
ഭക്ഷ്യവസ്തുക്കളില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ മാരക രാസവസ്തുക്കളും അപകടകരമായ ഘടകങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഓപ്പറേഷന്‍ രുചി എന്ന പേരിലുള്ള തീവ്രയത്‌ന പരിപാടി നടത്തുന്നത്. ഇത്തരം വസ്തുക്കളുടെ ഉപഭോഗം അര്‍ബുദം, വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിയമസഭാ മണ്ഡലങ്ങളിലും ബോധവത്കരണ സെമിനാര്‍ നടത്തും.

More Citizen News - Kasargod