ആദര്ശഗ്രാമമാകാന് ബല്പ്പ; വരുന്നത് 20 കോടിയുടെ വികസനപദ്ധതികള്‍
Posted on: 05 Aug 2015
സുള്ള്യ: ദക്ഷിണകര്‍ണാടക താലൂക്കില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെനിന്നിരുന്ന ബല്പ്പ ഗ്രാമത്തിന്റെ മുഖംമാറ്റാന്‍ പദ്ധതികള്‍ വരുന്നു. സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായി 20 കോടിയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആദര്ശഗ്രാമമാകുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ദക്ഷിണകര്‍ണാടക എം.പി. നളിന്‍കുമാര്‍ കട്ടീലാണ് എസ്.എ.ജി.വൈ. പദ്ധതിക്കായി ബല്പ്പയെ തിരഞ്ഞെടുത്തത്. പദ്ധതിയുമായി കൈകോര്‍ക്കാന്‍ വിവിധ സന്നദ്ധസംഘടനകളും സ്ഥാപനങ്ങളും രംഗത്തുവന്നതോടെ വളരെവേഗത്തില്‍ വികസനരംഗത്ത് പൂര്‍ണത കൈവരിക്കാന്‍ ബല്പ്പയ്ക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ബല്പ്പയെ മാതൃകാഗ്രാമമാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് നളിന്‍കുമാര്‍ കട്ടീല്‍ എം.പി. പറഞ്ഞു. വിവിധ സര്ക്കാറിതരസംഘടനകളെയും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെയും പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി സഹകരിപ്പിക്കുന്നുണ്ട്. ബല്പ്പയില് മുഴുവനായി സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും ആറ് സര്‍ക്കാര്‍ സ്കൂളുകളില്‍ ഇ-ക്ലാസ്റൂം സംവിധാനമൊരുക്കുന്നതിനും പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ സോളാര്‍ ഫ്രീസര്‍ നല്കുന്നതിനുമായി സിന്‍ഡിക്കേറ്റ് ബാങ്ക് ഇതിനകം 20 ലക്ഷം രൂപ നല്‍കിക്കഴിഞ്ഞു. 20 ലക്ഷം രൂപ ചെലവില്‍ മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ ലിമിറ്റഡ് കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കും.
ബല്പ്പ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് മംഗളൂരു കെമിക്കല്‍ ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സും ആറ് സ്കൂളുകളുടെയും രണ്ട് അങ്കണവാടികളുടെയും വികസനത്തിന് ന്യൂ മംഗളൂരു പോര്‍ട്ട്ട്രസ്റ്റും കെ.ഐ.ഒ.സി.എല്ലും ഫണ്ട് അനുവദിക്കും. ഇ-സ്കൂള്‍ സംവിധാനമൊരുക്കുന്ന ഘട്ടത്തില്‍ അവിടങ്ങളിലേക്ക് കമ്പ്യൂട്ടറുകള്‍, പ്രൊജക്ടര്‍, സ്ക്രീന്‍ എന്നിവ നല്കാന് സെല്‍കോ സോളാറും സാമൂഹിക-സാമ്പത്തിക സര്‍വേ ഉള്‍പ്പെടെ നടത്തിക്കൊണ്ട് മംഗളൂരു സര്‍വകലാശാല, ആല്‍വാസ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്, ശ്രീനിവാസ് ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് എന്നിവ ആദര്‍ശഗ്രാമം പദ്ധതിയുമായി കൈകോര്‍ക്കും.
സന്‍സദ് ആദര്‍ശ് ഗ്രാമയോജനയുടെ രണ്ടാംഘട്ടത്തില്‍ റോഡുവികസനം, കുടിവെള്ളം, മുഴുവന്‍ വീടുകളുടെയും വൈദ്യുതീകരണം എന്നിവ നടപ്പാക്കും. മൂന്നാംഘട്ടത്തില്‍ സാമൂഹിക-സാംസ്കാരിക രംഗത്തും ബഹുമുഖമായ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള പദ്ധതിയാണ് വിഭാവനംചെയ്തിരിക്കുന്നത്.