സ്പെഷ്യല്‍ ഒളിമ്പിക്സ്; വെങ്കലത്തിളക്കവുമായി സുമേഷ് വാര്യര്‍
Posted on: 04 Aug 2015
ചെറുവത്തൂര്‍: ഭിന്നശേഷിയുള്ളവര്‍ക്കായുള്ള സ്പെഷ്യല്‍ ഒളിമ്പിക്സ് വേദിയില്‍ വോളിബോളില്‍ കുട്ടമത്ത് പൊന്മാലം സ്വദേശി സുമേഷ് വാര്യര്‍ നയിച്ച ടീം വെങ്കല മെഡല്‍ സ്വന്തമാക്കി. അമേരിക്കയിലെ ലോസ് ആഞ്ജലിസില്‍ നടന്ന മത്സരത്തില്‍ ജപ്പാനോട് പൊരുതിയാണ് ഇന്ത്യ വെങ്കലം നേടിയത്.
സ്പെഷ്യല്‍ ഒളിമ്പിക്സില്‍ വോളിബോള്‍ ടീമിലേക്ക് കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക താരമായിരുന്നു സുമേഷ്. കാഞ്ഞങ്ങാട് റോട്ടറി സ്കൂളിലെ പഠനത്തിനിടയിലാണ് സുമേഷ് ഒളിമ്പിക്സ് സെലക്ഷന് ക്യാമ്പുകളിലെത്തിയത്. രണ്ടുവര്‍ഷത്തോളം നീണ്ട പരിശീലനം ഇന്ത്യന്‍ ടീമിലേക്ക് വഴിതെളിച്ചു.
മഹാകവി കുട്ടമത്ത് സ്മാരക സമിതിയുടെ പ്രോത്സാഹനമാണ് സുമേഷിന് വഴിത്തിരിവായത്. യു.പി., ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന സ്പെഷ്യല്‍ സ്കൂള്‍ വോളിബോള്‍ മത്സരങ്ങളില്‍ സുമേഷ് കേരളത്തിനുവേണ്ടി കളിച്ചു. ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളിലെ പരിശീലനത്തിന് ശേഷമാണ് സ്പെഷ്യല്‍ ഒളിമ്പിക്സിലെത്തിയത്.
അഭിമാനനേട്ടവുമായി ആഗസ്ത് എട്ടിന് നാട്ടിലെത്തുന്ന സുമേഷിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. റിട്ട. ഖാദി വകുപ്പ് ജീവനക്കാരന് സേതുമാധവന്റെയും കാടങ്കോട് ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ശ്രീലതയുടെയും മകനാണ്. സഹോദരന് സുധീഷ്.