കരിച്ചേരി ആരോഗ്യകേന്ദ്രം പഴയസ്ഥലത്തേക്ക് മാറ്റി
Posted on: 04 Aug 2015
പൊയിനാച്ചി: കരിച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം കുന്നിറങ്ങി. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവില്‍ കരിച്ചേരി പാലത്തിനു സമീപം പുതുക്കി നിര്‍മിച്ച കെട്ടിടത്തിലേക്കാണ് ആരോഗ്യകേന്ദ്രം മാറിയത്. തിങ്കളാഴ്ച വൈകുന്നേരം കെ.കുഞ്ഞിരാമന് എം.എല്‍.എ. പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. പള്ളിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന് അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചാത്ത് വൈസ് പ്രസിഡന്റ് പി.കെ.മാധവി, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷ എം.ഗൗരി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അജയന് പനയാല്‍, ബേഡഡുക്ക ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി.ലക്ഷ്മി, കെ.ബാലകൃഷ്ണന്, എ.ബാലകൃഷ്ണന്, കരിച്ചേരി നാരായണന് നായര്‍, പി.മണി മോഹന്‍, എം.മാധവന് നമ്പ്യാര്‍, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.ഗീത, ഡോ. വി.വി.അഭിലാഷ് എന്നിവര്‍ സംസാരിച്ചു. വാര്‍ഡംഗം ടി.അപ്പക്കുഞ്ഞി സ്വാഗതം പറഞ്ഞു. മുമ്പ് ഇതേ സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രം പ്രദേശത്തെ രണ്ട് വ്യക്തികള്‍ സൗജന്യമായി നല്കിയ ഒരേക്കര്‍ സ്ഥലത്ത് എം.പി.ഫണ്ടില്‍ പുതിയ കെട്ടിടം പണിതതോടെ ഏഴുവര്‍ഷം മുമ്പാണ് കരിച്ചേരി കുന്നിന് മുകളിലേക്ക് മാറ്റിയത്. രോഗികള്‍ എത്താന്‍ പ്രയാസപ്പെട്ടതോടെ ഇവിടെ ആരോഗ്യകേന്ദ്രത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചിരുന്നു. അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതോടെയാണ് സൗകര്യപ്രദമായ ഇടത്തേക്ക് കേന്ദ്രം മാറ്റാന്‍ നടപടിയുണ്ടായത്. ആരോഗ്യകേന്ദ്രത്തില്‍ നിയമിച്ച ജീവനക്കാര്‍ ഇപ്പോള്‍ മറ്റു കേന്ദ്രങ്ങളില്‍ ജോലിചെയ്യുന്നത് കഴിഞ്ഞാഴ്ച മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് പെരിയയില്‍നിന്ന് സ്റ്റാഫ് നഴ്സ് കരിച്ചേരിയില്‍ തിരിച്ചെത്തി. എല്ലാ ദിവസവും ഡോക്ടര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.