ഓപ്പറേഷന്‍ രുചി: ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ബോധവത്കരണ സെമിനാര്‍ നാളെ

Posted on: 04 Aug 2015



കാസര്‍കോട്: ഭക്ഷ്യവസ്തുക്കളില്‍ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെഭാഗമായി ഭക്ഷ്യസുരക്ഷാവകുപ്പ് ബുധനാഴ്ച ബോധവത്കരണ സെമിനാര്‍ നടത്തും. 'ഓപ്പറേഷന്‍ രുചി' എന്നപേരില്‍ നടപ്പാക്കുന്ന തീവ്രയത്‌നപരിപാടിയുടെ ഭാഗമായാണ് ജില്ലാതല സെമിനാര്‍.
കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് വ്യാപാരഭവനില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് 3.30വരെ നടക്കുന്ന സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷന്‍ ടി.ഇ.അബ്ദുള്ള അധ്യക്ഷതവഹിക്കും. ഡോ. ആനന്ദവല്ലി, പാന്‍ ഇന്ത്യ ഡയറക്ടര്‍ സി.ജയകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തും.
ഭക്ഷ്യ ഉത്പാദക-വിതരണ-വിപണനമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യേകിച്ച് ഹോട്ടല്‍, ബേക്കറി വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ക്ലാസില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പരിശീലന സര്‍ട്ടിഫിക്കറ്റ് നല്‍കും.
ഭക്ഷ്യവസ്തുക്കളില്‍ പൊതുജനാരോഗ്യത്തിന് ഹാനികരമായ മാരകമായ രാസവസ്തുക്കളും അപകടകരമായ ഘടകങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് 'ഓപ്പറേഷന്‍ രുചി' നടപ്പാക്കുന്നത്. ഇത്തരം വസ്തുക്കളുടെ ഉപയോഗം അര്‍ബുദം, വൃക്ക, കരള്‍ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിയമസഭാമണ്ഡലങ്ങളിലും ബോധവത്കരണ സെമിനാര്‍ നടക്കും.

More Citizen News - Kasargod