കുടിവെള്ളത്തിന് ഈ വര്‍ഷവും താത്കാലിക തടയണതന്നെവേണം

Posted on: 03 Aug 2015കാക്കടവില്‍ സ്ഥിരതടയണയ്ക്ക് നടപടിയായില്ല

ചീമേനി:
ഏഴിമല നാവിക അക്കാദമിയിലേക്ക് കുടിവെള്ളമെത്തിക്കുന്ന കാക്കടവില്‍ സ്ഥിരതടയണയ്ക്ക് ടെന്‍ഡര്‍ നടപടികളായില്ല. ഓരോവര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള താത്കാലിക തടയണയാണ് നിര്‍മിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ഈ വര്‍ഷവും താത്കാലിക തടയണതന്നെയാണ് അക്കാദമിക്ക് ആശ്രയം.
എട്ടുവര്‍ഷമായി വേനല്‍ക്കാലത്ത് കാക്കടവില്‍ തേജസ്വിനിപുഴയ്ക്ക് താത്കാലിക തടയണ നിര്‍മിക്കുന്നു. മൂന്നുമാസക്കാലത്തേക്കാണ് തടയണനിര്‍മാണം. കഴിഞ്ഞവര്‍ഷം എട്ടുലക്ഷം രൂപയാണ് തടയണയ്ക്ക് ചെലവഴിച്ചത്. ലോഡുകണക്കിന് കല്ലും മണ്ണുമാണ് പുഴയില്‍ ഓരോവര്‍ഷവും ഒഴുക്കിക്കളയുന്നത്. ഇത് പുഴയുടെ നാശത്തിന് കാരണമാകുന്നു.
കാക്കടവില്‍ ആറരമീറ്റര്‍ ഉയരച്ചില്‍ സ്ഥിരതടയണ നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്കിയിരുന്നു. ഇതിനായി എട്ടുമാസംമുമ്പ് 10 കോടിയുടെ ടെന്‍ഡര്‍ വിളിച്ചിരുന്നു. സാങ്കേതികകാരണങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ് ടെന്‍ഡര്‍ നടപടികള്‍. സ്ഥിരതടയണ നിര്‍മിക്കുന്നതിന് രണ്ടുവര്‍ഷമെങ്കിലും വേണ്ടിവരും.
ഏഴിമല നാവിക അക്കാദമി, രാമന്തളി പഞ്ചായത്ത്, സി.ആര്‍.പി.എഫ്. ക്യാമ്പ് പെരിങ്ങോം എന്നിവിടങ്ങളിലേക്കാണ് കാക്കടവില്‍നിന്ന് വെള്ളം കൊണ്ടുപോകുന്നത്. പ്രതിദിനം 50 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇവിടെനിന്ന് പമ്പുചെയ്യുന്നത്. താത്കാലിക തടയണയുള്ള വേനലില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമേ ലഭിക്കുകയുള്ളൂ. മൂന്നുമാസത്തേക്കുള്ള വെള്ളം സംഭരിച്ചുവെക്കണമെങ്കില്‍ സ്ഥിരതടയണ നിര്‍മിച്ചാല്‍ മാത്രമേ സാധ്യമാവുകയുള്ളൂ.

More Citizen News - Kasargod