ഡോ. ഷിഹാസിന്റെ മരണം നാടിന്റെ വേദനയായി
Posted on: 03 Aug 2015
പൊയിനാച്ചി: ആലപ്പുഴ വേമ്പനാട്ടുകായലില്‍ മുങ്ങിമരിച്ച പരവനടുക്കത്തെ വെറ്ററിനറി ഡോക്ടര്‍ ബി.മുഹമ്മദ് ഷിഹാസിന്റെ (32) വിയോഗം ചെമ്മനാടിന്റെ വേദനയായി.
മൂന്നുവര്‍ഷംമുമ്പാണ് ഷിഹാസ് പരവനടുക്കത്ത് ചുമതലയേറ്റത്. ചട്ടഞ്ചാല്‍ പള്ളത്തിങ്കാല്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. കൊല്ലം മേടയില്‍മുക്ക് മേടയില്‍ സ്വദേശിയാണ്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ആലപ്പുഴയില്‍നിന്നുള്ള വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘം വേമ്പനാട്ടുകായലില്‍ ഉല്ലാസയാത്രയ്ക്ക് പോയത്. രാത്രിയായിരുന്നു സംഭവം. ഷിഹാസിന്റെ സുഹൃത്ത് കൊല്ലം കൊറ്റംകര ആലുംമൂടിലെ ഡോ. അരവിന്ദും അപകടത്തില്‍ മരിച്ചു.
ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്സ്റ്റിറ്റിയൂട്ടില്നിന്ന് ഡോക്ടറേറ്റ് എടുത്ത അരവിന്ദ് അടുത്തയാഴ്ച അമേരിക്കയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സന്തോഷത്തിനാണ് ഒന്നിച്ചുപഠിച്ച സുഹൃത്തുക്കള്‍ ഉല്ലാസയാത്രപോയത്. കുളിക്കാനിറങ്ങിയ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഏതുസമയത്തും ഫോണില്‍ വിളിച്ചാല്‍ സ്വന്തം ബൈക്കില്‍ എത്തിയിരുന്ന ജനകീയ ഡോക്ടറായിരുന്നു ഷിഹാസ്. നാട്ടുകാര്‍ അദ്ദേഹവുമായി നല്ല അടുപ്പം സ്ഥാപിച്ചിരുന്നു. വെറ്ററിനറി മേഖലയിലെ ആവശ്യങ്ങള്‍ക്കെല്ലാം ചെമ്മനാട് ഗ്രാമപ്പഞ്ചായത്തിലുടനീളം അദ്ദേഹം ഓടിയെത്തിയിരുന്നു.
ഗോവയിലെ ആസ്പത്രിയില്‍ സ്റ്റാഫ് നഴ്സാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.