തെരുവ് പാഠശാലയാക്കിയ ശിങ്കാരവേലുവിന് മന്ത്രിയുടെവക ലാപ്ടോപ്പ്
Posted on: 03 Aug 2015
പാനൂര്‍: അടുത്തയാഴ്ചമുതല്‍ ശിങ്കാരവേലുവിന് സ്വന്തം ലാപ്ടോപ്പ് ഉപയോഗിച്ച് എം.ബി.എ. പഠനം തുടരാം.
ഒഴിവുദിവസങ്ങളില്‍ പകല്‍ ആക്രിസാധനങ്ങള്‍ പെറുക്കിവിറ്റ് ഉപജീവനംതേടുകയും രാത്രി പാനൂര്‍ ടൗണിലെ തെരുവുവിളക്കിന്റെ വെളിച്ചത്തില്‍ പഠിച്ച് കടവരാന്തയില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന തമിഴ്നാട് സ്വദേശി ശിങ്കാരവേലുവിന്റെ ജീവിതകഥയില്‍ ഞായറാഴ്ച പുതിയൊരേടുകൂടി ചേര്‍ക്കപ്പെട്ടു.
കാസര്‍കോട്ടെ ബേഡകം മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റില്‍ രണ്ടാംസെമസ്റ്റര്‍ എം.ബി.എ. വിദ്യാര്‍ഥിയാണ് ശിങ്കാരവേലു. കോളേജില്‍ എല്ലാവര്ക്കും ലാപ്ടോപ്പുണ്ട്. ശിങ്കാരവേലുവിന് മാത്രമില്ല. ഒരു ലാപ്ടോപ്പിനുവേണ്ടി മന്ത്രി കെ.പി.മോഹനനെ കാണാന്‍ ഞായറാഴ്ച വൈകിട്ട് ശിങ്കാരവേലു പാനൂരിലെ പി.ആര്.മന്ദിരത്തിലെത്തി. മന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ലൈബ്രറിയുടെ ചുമതലയുള്ള കുമാരേട്ടന് മന്ത്രിയുമായി ബന്ധപ്പെട്ടു. പുത്തൂരില്‍ പാര്‍ട്ടി കണ്വെന്ഷന് നടക്കുന്ന സ്ഥലെത്തത്തിയ ശിങ്കാരവേലുവിനെ സ്റ്റേജിലിരുത്തി വിവരങ്ങള്‍ ആരാഞ്ഞു. പ്രവര്‍ത്തകര്‍ക്ക് ശിങ്കാരവേലുവിനെ പരിചയപ്പെടുത്തി. അടുത്ത വെള്ളിയാഴ്ച ലാപ്ടോപ്പ് നല്‍കുമെന്ന് വേദിയില്‍ മന്ത്രി പ്രഖ്യാപിച്ചു. മാത്രമല്ല പ്രവര്‍ത്തകരില്‍നിന്ന് സംഭരിച്ച 10,000 രൂപയും നല്കി. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഉറപ്പുനല്‍കി.
തമിഴ്നാട് സേലം വില്ലുപുരം ജില്ലയിലെ കല്ലുക്കുറിച്ചി താലൂക്കിലെ വനവറെട്ടി ഗ്രാമത്തിലെ തെന്തൊറമ്പല്ലൂരിലെ മുപ്പത്തൊന്നുകാരനായ ശിങ്കാരവേലു പത്താംവയസ്സുമുതല്‍ പാനൂരില്‍ വരാറുണ്ട്. അച്ഛന് പെരിയസ്വാമിയും അമ്മ സഡയമ്മയും വര്‍ഷങ്ങള്‍ക്കുമുമ്പേ പാനൂരിലെത്തി ആക്രിസാധനങ്ങള്‍ ശേഖരിച്ചുവിറ്റാണ് അന്നംതേടിയിരുന്നത്. ഇതിനിടയിലും അച്ഛന് വട്ടിപ്പലിശക്കാരില്‍നിന്ന് പണംവാങ്ങി മകനെ പഠിപ്പിച്ചു. സേലത്തെ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് രസതന്ത്രത്തില്‍ ബി.എസ്സി. ബിരുദവും ഭാരതി കോളേജ് ഓഫ് എഡ്യുക്കേഷനില്‍നിന്ന് ബി.എഡ്. ബിരുദവും നേടി. ഇതിനിടയില്‍ അച്ഛന് മരിച്ചത് പഠനത്തിന് തടസ്സമായി. അധ്യാപകനാകാനുള്ള മോഹവുമായി നടക്കുമ്പോഴാണ് മുന്‍ എം.എല്‍.എ. പി.രാഘവന് പ്രസിഡന്റായുള്ള കാസര്‍കോട് കോ ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ സൊസൈറ്റി ശിങ്കാരവേലുവിനെക്കുറിച്ച് മാധ്യമങ്ങള്‍വഴി അറിഞ്ഞത്. ഈ സൊസൈറ്റിക്കുകീഴിലാണ് മുന്നാട് പീപ്പിള്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ്. രണ്ടുവര്‍ഷത്തെ സൗജന്യപഠനവും ഭക്ഷണവും താമസവും പുസ്തകങ്ങളുമടക്കം സൊസൈറ്റിയാണ് വഹിക്കുന്നത്.