ആസ്​പത്രി സൂപ്രണ്ടിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്‌

Posted on: 03 Aug 2015കാഞ്ഞങ്ങാട്: ആസ്​പത്രിജീവനക്കാരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന ജില്ലാ ആസ്​പത്രി സൂപ്രണ്ടിന്റെ പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ജില്ലാ ആസ്​പത്രി സൂപ്രണ്ട്‌ േഡാ. സുനിത നന്ദന്റെ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് പുല്ലൂരിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ആസ്​പത്രി ജീവനക്കരോട് രാജേഷ് അപമര്യാദയായി പെരുമാറുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
അതേസമയം, കേസ് കെട്ടിച്ചമച്ചതാണെന്ന് രാജേഷ് പറയുന്നു.
കഴിഞ്ഞദിവസം പേവാര്‍ഡില്‍നിന്ന് രാജേഷിന്റെ ഭാര്യാമാതാവ് ഗൗരിയുടെ രണ്ടരപ്പവന്‍ മാലരാത്രിയില്‍ മോഷണംപോയിരുന്നു. പ്രസവചികിത്സയ്‌ക്കെത്തിയ മകളെ സഹായിക്കാന്‍ എത്തിയതായിരുന്നു അമ്മ ഗൗരി. മാല മോഷണംപോയ സംഭവത്തില്‍ ആസ്​പത്രിയില്‍ ഒച്ചപ്പാടും ബഹളവും നടന്നിരുന്നു. മാല മോഷണംപോയത് സംബന്ധിച്ചും ആസ്​പത്രിയിലെ സുരക്ഷാവീഴ്ചയെ സംബന്ധിച്ചും രാജേഷ് അന്നുതന്നെ സൂപ്രണ്ടിന് പരാതി നല്കിയിരുന്നു. തന്റെ പരാതിയില്‍ അന്വേഷണംനടത്താതെ തനിക്കെതിരെ പോലീസില്‍ പരാതിനല്കിയ സൂപ്രണ്ടിന്റെ നടപടി ആസ്​പത്രിയില്‍ സംഭവിച്ച സുരക്ഷാപാളിച്ചകള്‍ ഒളിച്ചുെവയ്ക്കാനാണെന്ന് രാജേഷ് ആരോപിച്ചു.

More Citizen News - Kasargod