എഫ്.സി.ഐ. ഗോഡൗണില്‍ ഗോതമ്പ് മഴനനഞ്ഞ് നശിച്ചു
Posted on: 03 Aug 2015
റെയില്വേസ്റ്റേഷന് ദുര്‍ഗന്ധപൂരിതം
നീലേശ്വരം: നീലേശ്വരം എഫ്.സി.ഐ. ഗോഡൗണില്‍ സൂക്ഷിച്ച ചാക്ക് കണക്കിന് ഗോതമ്പ് മഴയില്‍കുതിര്‍ന്ന് നശിച്ചു. മഴയില്‍കുതിര്‍ന്ന ഗോതമ്പ് ചീഞ്ഞളിഞ്ഞതോടെ നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് ദുര്‍ഗന്ധംമൂലം രക്ഷയില്ലാതായി.
എഫ്.സി.ഐ. ഗോഡൗണില്‍ 9500 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കാനുള്ളസൗകര്യം മാത്രമേയുള്ളൂ. ഓണത്തിന്റെ ഭാഗമായി ഗോഡൗണ്നിറയെ അരിയും ഗോതമ്പും സ്റ്റോക്കുണ്ട്. പരിമിതമായി മാത്രമെ മൊത്തവ്യാപാരികള്‍ ഭക്ഷ്യധാന്യങ്ങള്‍ കൊണ്ടുപോകുന്നുള്ളൂ. അതിനിടയിലാണ് ജൂലായ് മാസത്തില്‍ റെയില്‍വെ മാര്‍ഗം ടണ്‍കണക്കിന് ഗോതമ്പ് എത്തിയത്.
നിശ്ചിതസമയത്തിനുള്ളില്‍ റെയില്വെവാഗണില്നിന്ന് സാധനങ്ങള്‍ ഇറക്കിയില്ലെങ്കില്‍ എഫ്.സി.ഐ. ഭീമമായതുക ഡേമറേജിനത്തില് റെയില്‍വേയ്ക്ക് നല്‍കേണ്ടിവരും. ഇതൊഴിവാക്കാന്‍ 160 ലോഡ് ഗോതമ്പ് വാഗണുകളില്‍നിന്ന് ഇറക്കിവെച്ചിരിക്കുന്നത് ഗോഡൗണിന്റെ പടിഞ്ഞാറെ വരാന്തയിലാണ്. പ്ലാസ്റ്റിക്ഷീറ്റുകള്കൊണ്ട് ഗോതമ്പ്ചാക്കുകള് മൂടിയിട്ടുണ്ടെങ്കിലും ശക്തമായ കാറ്റിലും മഴയിലും നല്ലൊരുഭാഗവും നനഞ്ഞ്കുതിര്‍ന്ന നിലയിലാണ്.
പ്ലാസ്റ്റിക്ഷീറ്റുകള് പൊതിഞ്ഞിട്ടും ഗോതമ്പ്ചാക്കുകള് മഴനനഞ്ഞനിലയിലാണ്. വരാന്തയില്‍ ഇനി സ്ഥലം അവശേഷിപ്പിക്കാത്ത രീതിയിലാണ് ഗോതമ്പ് ചാക്കുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മഴയില്‍കുതിര്‍ന്ന ഗോതമ്പില്‍നിന്ന് ദുര്ഗന്ധംവമിക്കുന്നതിനാല് റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് മൂക്കുപൊത്തേണ്ട സാഹചര്യമാണ്. എഫ്.സി.ഐ.ക്ക് തൊട്ടുള്ള രണ്ടാം പ്ലാറ്റ്ഫോമില്‍ ദുര്‍ഗന്ധം അസഹ്യമാണ്. ദുര്‍ഗന്ധംമൂലം യാത്രക്കാര്‍ പലരും ഛര്‍ദിക്കുകയാണ്. മഴയില്‍കുതിര്‍ന്ന ഗോതമ്പ്ചാക്കില്നിന്നുള്ള ചില പ്രാണികളുടെ ശല്യവും യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ഗോതമ്പ് മഴയില്കുതിര്ന്നതോടെ അവയൊന്നും ഇനി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഗോതമ്പ് കുഴിച്ചുമൂടുകമാത്രമെ ഇനി മാര്‍ഗമുള്ളൂ. ഏതാനുംവര്‍ഷം മുമ്പ് ഇത്തരത്തില്‍ നശിച്ച ചാക്ക്കണക്കിന് പച്ചരിയും കുഴിച്ചുമൂടിയിരുന്നു. സ്ഥലസൗകര്യം പരിമിതമായ നീലേശ്വരം എഫ്.സി.ഐ.യിലേക്ക് കാലവര്‍ഷം പരിഗണിക്കാതെ വീണ്ടും വാഗണ്‍വഴി ഗോതമ്പ് എത്തിയതാണ് ഇത്തരം പ്രതിസന്ധിക്കിടയാക്കിയത്.