എക്സൈസ് വകുപ്പിന്റെ സ്ഥലത്ത് വ്യക്തിയുടെ 25 ലക്ഷത്തിന്റെ വീട്
Posted on: 03 Aug 2015
കാസര്‍കോട്: എക്സൈസ് വകുപ്പിന് 'വേണ്ടാത്ത' സര്‍ക്കാര്‍ ഭൂമിയില്‍ വ്യക്തിയുടെ 25 ലക്ഷത്തിന്റെ വീടും ഔട്ട്ഹൗസും. സ്ഥലം കൈയേറിയതില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് ആരാഞ്ഞ് ജില്ലാ കളക്ടര്‍ നല്കിയ കത്തിന് എക്സൈസ് കമ്മീഷണര്‍ മറുപടി നല്‍കിയത് രണ്ടുവര്‍ഷം കഴിഞ്ഞു. അതും സര്‍ക്കാരില്‍ നിന്നും ഉത്തരവ് കിട്ടിയില്ലെന്ന മറുപടി. എക്സൈസ് ഓഫീസിന്റെ കുമ്പള റേഞ്ച് ഓഫീസിലേക്ക് പ്രവേശിക്കാന്‍ പോലും വഴിയടഞ്ഞ നിലയിലുള്ളപ്പോഴാണ് വകുപ്പിലെ ഉന്നതരുടെ അനാസ്ഥ.
എക്സൈസ് വകുപ്പിന്റെ കുമ്പള റേഞ്ച് ഓഫീസിനായി കോയിപ്പാടി വില്ലേജിലെ ശാന്തിപ്പള്ളത്ത് ജില്ലാ ഭരണകൂടം അനുവദിച്ച 32 സെന്റില്‍ 12 സെന്റ് ആണ് വ്യക്തി കൈയേറി വീട് നിര്‍മിച്ചത്. 2009ല്‍ കുമ്പള റേഞ്ച് ഓഫീസ് കെട്ടിടനിര്‍മാണം നടക്കുമ്പോഴാണ് സ്ഥലം നഷ്ടപ്പെട്ടതായി സംശയം ഉയര്‍ന്നത്. തുടര്‍ന്നാണ് എക്സൈസ് അധികൃതര്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കിയത്.
ഇതനുസരിച്ച് കാസര്‍കോട് താലൂക്ക് സര്‍വെയര്‍ സ്ഥലം അളന്നു. തെക്ക് ഭാഗത്ത് 12 സെന്റും കിഴക്ക് ഭാഗത്ത് മൂന്ന് സെന്റും കൈയേറിയതായി റിപ്പോര്‍ട്ട് നല്കി. ഇതില്‍ മൂന്ന് സെന്റിലെ കൈയേറ്റം ഒഴിപ്പിച്ചു. എന്നാല്‍ 12 സെന്റ് െകെയേറിയ വ്യക്തി ഇരുനിലവീട് പണിത് താമസം ആരംഭിച്ചിരുന്നു. ജില്ലാ അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ട് ൈകയേറ്റം ഒഴിപ്പിക്കണമെന്ന നിലപാടെടുത്തു. താന്‍ കൈയേറിയതല്ലെന്നും മറ്റൊരാളില്‍ നിന്ന് ഭൂമി വിലകൊടുത്തു വാങ്ങിയതാണെന്നും വ്യക്തി അറിയിച്ചു. കൂടാതെ എക്സൈസ് വകുപ്പിന്റെ സ്ഥലത്തോട് ചേര്‍ന്ന് ബന്ധുവിന്റെ പേരിലുള്ള സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് വ്യക്തിയും ബന്ധുവും രേഖാമൂലം ഉറപ്പ് നല്കി.
ഇത് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടര്‍ എക്സൈസ് കമ്മീഷണര്‍ക്ക് 2010 ഡിസംബര്‍ നാലിന് എക്സൈസ് കമ്മീഷണര്‍ക്ക് അയച്ച കത്തിന് മറുപടി ലഭിച്ചത് 2012 ആഗസ്ത് 22-നാണ്. പകരം സ്ഥലം എന്ന നിര്‍ദേശം സര്‍ക്കാരിന് സമര്‍പ്പിച്ചെന്നും എന്നാല്‍ കൈയേറിയവരുടെ പേരുവിവരങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നെന്നും കത്തില്‍ പറയുന്നു. സര്‍ക്കാരില്‍ നിന്ന് പിന്നീട് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളിലും ജില്ലയിലെ എക്സൈസ് വകുപ്പ് അധികൃതരും ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയോ ഉന്നതാധികാരികളെ ഓര്‍മപ്പെടുത്തുകയോ ഉണ്ടായില്ല.