കെട്ടിട ഉടമ വഴിയടച്ചു; വ്യാപാരികളുടെ വാഹനങ്ങള്‍ പെരുവഴിയിലായി

Posted on: 02 Aug 2015ചെറുവത്തൂര്‍: നിരവധി വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ കെട്ടിടസമുച്ചയത്തിലേക്ക് വാഹനങ്ങള്‍ കയറുന്നതിനുള്ള വഴിയടച്ചതിനെത്തുടര്‍ന്ന് ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ഗതാഗതക്കുരുക്ക്. മൂന്നുഭാഗങ്ങളിലും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കന്ന കെട്ടിടത്തിന്റെ മധ്യഭാഗത്താണ് വ്യാപാരികളും സ്ഥാപനത്തിലേക്കെത്തുന്ന ഉപഭോക്താക്കളും നേരത്തേ വാഹനം നിര്‍ത്തിയിട്ടിരുന്നത്. ഇത് തടയാനാണ് മുന്‍ഭാഗത്ത് ഗേറ്റ് പണിത് താഴിട്ടത്.
ക്ലിനിക്കുകള്‍, പത്ര ഓഫിസുകള്‍ തുടങ്ങി ചെറുവത്തൂരില്‍ ഏറ്റവും കൂടുതല്‍ വ്യാപാര-സേവന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണിത്. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഗേറ്റ് പണിതതോടെ കെട്ടിടത്തിലെ സ്ഥാപന ഉടമകളും തൊഴിലാളികളും ഇവിടെയെത്തുന്ന ഉപഭോക്താക്കളും അവരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കെട്ടിടത്തിന്റെ മുന്നിലെ റോഡരികിലും ബസ്സ്റ്റാന്‍ഡ് റോഡിലും നടവഴികളിലുമാക്കി. ഇതോടെ ചെറുവത്തൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് വാഹനക്കുരുക്ക് രൂക്ഷമായി. കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാനും വഴിയില്ലാതായി.
വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വേണ്ടി പണിയുന്ന കെട്ടിടത്തിന് പഞ്ചായത്ത് ലൈസന്‍സ് കിട്ടണമെങ്കില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം നിര്‍ബന്ധമാണ്. കെട്ടിടം പണിയുന്നതിന് അനുവാദം വാങ്ങുമ്പോള്‍ പ്ലാനില്‍ പാര്‍ക്കിങ് സൗകര്യം കാണിക്കുകയും ലൈസന്‍സ് കിട്ടിയശേഷം കെട്ടിട ഉടമകള്‍ നിലപാട് മാറ്റുകയുമാണ്. ഉടമയുടെ നീതിനിഷേധത്തിനെതിരെ സംഘടിതമായി പ്രതിഷേധിക്കാനുള്ള തയ്യറാറെടുപ്പിലാണ് വ്യാപാര സമുച്ചയത്തിലെ സ്ഥാപന ഉടമകളും തൊഴിലാളികളും.

More Citizen News - Kasargod