രണ്ടുമാസംകൊണ്ട് റോഡ് ചെളിക്കുളമായി; ലക്ഷങ്ങള്‍ വെള്ളത്തില്‍

Posted on: 02 Aug 2015മഞ്ചേശ്വരം: ലക്ഷങ്ങള്‍ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയ റോഡ് രണ്ടുമാസംകൊണ്ട് പൊട്ടിപ്പൊളിഞ്ഞു. കൈക്കമ്പ-പൈവളികെ റോഡിലാണ് കുഴികള്‍ നിറഞ്ഞ് കാല്‍നട യാത്രപോലും ദുഷ്‌കരമായിരിക്കുന്നത്.
നേരത്തേ തകര്‍ന്നുതരിപ്പണമായ റോഡ് രണ്ടുമാസം മുമ്പാണ് ലക്ഷങ്ങള്‍ മുടക്കി അറ്റുകുറ്റപ്പണി നടത്തിയത്. എന്നാല്‍, കനത്ത മഴയെത്തുടര്‍ന്ന് റോഡ് വീണ്ടും ചെളിക്കുളമായിരിക്കുകയാണ്. വന്‍ കുഴികളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. മഴയെത്തുടര്‍ന്ന് വെള്ളം നിറഞ്ഞ കുഴികളില്‍ ഇരുചക്രവാഹനങ്ങളുള്‍പ്പെടെ വീണ് അപകടങ്ങളുണ്ടാകുന്നു.
അറ്റകുറ്റപ്പണിയില്‍ കൃത്രിമം നടന്നെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം നടക്കുന്ന റോഡാണിത്. നാട്ടുകാരുടെ ആരോപണം ശരിവെക്കുന്നതാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. നൂറുകണക്കിന് വാഹനങ്ങള്‍ ദിവസവും പൈവളികെ, ബായാര്‍, കര്‍ണാകടയിലെ കന്യാന, വിട്ടല, പുത്തൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് ഇതുവഴി കടന്നുപോകുന്നു. പൊളിഞ്ഞ റോഡിലൂടെയുള്ള യാത്ര ദുരിതമായിരിക്കുന്നു. മംഗലാപുരം ഭാഗത്തേക്ക് പോകാന്‍ ഉപ്പള റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ടവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യഥാസമയത്ത് എത്താനാകുന്നില്ല.

More Citizen News - Kasargod