പുരുഷസംഘ കൂട്ടായ്മയില്‍ മധുരക്കിഴങ്ങ് കൃഷി
Posted on: 02 Aug 2015
ഹൊസ്ദുര്‍ഗ്: രാവണീശ്വരത്തിനടുത്ത് വാണിയമ്പാറയിലെ വാണി പുരുഷ സ്വയംസഹായ സംഘം അഞ്ചേക്കറോളം സ്ഥലത്ത് മധുരക്കിഴങ്ങ്കൃഷി ഇറക്കി. അജാന്നൂര്‍ കൃഷിഭവന്റെ കീഴിലുള്ള വാണിയമ്പാറ പ്രദേശം മധുരക്കിഴങ്ങ്കൃഷിക്ക് ഏറെ പ്രസിദ്ധിയാര്‍ജിച്ച പ്രദേശമാണ്. ഇവിടത്തെ കുന്നിന്‍പ്രദേശങ്ങളില്‍ കൃഷിചെയ്ത മധുരക്കിഴങ്ങ് മംഗലാപുരം ഭാഗത്തേക്ക് കയറ്റിഅയച്ചിരുന്നു.
വര്‍ഷങ്ങളായി തരിശിട്ട പ്രദേശത്താണ് ഇപ്പോള്‍ വാണി പുരുഷ സ്വയംസഹായ സംഘത്തിലെ ഇരുപതോളം അംഗങ്ങളുടെ കൂട്ടായ്മയില്‍ കൃഷിചെയ്യുന്നത്. മധുരക്കിഴങ്ങിനുപുറമെ സംഘത്തിന്റെകീഴില് അള്ളങ്കോട് വയലില്‍ മൂന്നര ഏക്കറോളം സ്ഥലം പാട്ടത്തിനെടുത്ത് നെല്‍ക്കൃഷിയും ചെയ്തിട്ടുണ്ട്.
കര്‍ഷകരായ കരുണാകരന് (വേലാശ്വരം), സുധീരന് അള്ളങ്കോട് എന്നിവരുടെ കാര്‍ഷികരംഗത്തെ പരിചയം സംഘത്തിന്റെ കൃഷിക്ക് മുതല്‍ക്കൂട്ടായി. അഖിലേഷ് മൂലക്കേവീട്, വിജയന് പച്ചിക്കാരന്വീട് എന്നിവര്‍ പ്രസിഡന്റും സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്നു. മധുരക്കിഴങ്ങുകൃഷി ഇത്തവണ ഓണത്തോടെ വിളവെടുക്കാന്‍ കഴിയുെമന്നാണ് പ്രതീക്ഷ. മണ്ണിടല്‍, കളപറിക്കല്‍ ജോലിയുമെല്ലാം പൂര്‍ത്തിയായി.