കടം എഴുതിത്തള്ളിയില്ല; ജപ്തിനോട്ടീസിന് മുന്നില്‍ വിതുമ്പലോടെ ശ്യാമള
Posted on: 02 Aug 2015
കാഞ്ഞങ്ങാട്: വായ്പകുടിശ്ശിക എഴുതിത്തള്ളുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശ്വാസംകൊണ്ട പട്ടികവര്‍ഗ കുടുംബത്തിലെ വീട്ടമ്മയ്ക്കു മുമ്പിലെത്തിയത് വീടും സ്ഥലവും ജപ്തി ചെയ്യുമെന്നറിയിച്ചുള്ള നോട്ടീസ്.
മടിക്കൈ ഗ്രാമപ്പഞ്ചായത്തിലുള്‍പ്പെട്ട കാരിയളത്തെ കൊക്കല്‍ വീട്ടില്‍ ശ്യാമളയാണ് ജപ്തിനോട്ടീസിന് മുമ്പില്‍ പകച്ചുനില്‍ക്കുന്നത്. ലക്ഷം രൂപവരെ കടമെടുത്ത് കുടിശ്ശികയായ പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ കടം എഴുതിത്തള്ളുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഒന്നര വര്‍ഷംമുമ്പ് പ്രഖ്യാപിച്ചിരുന്നു. അത് നടപ്പാക്കാത്തതാണ് ശ്യാമളയെ കണ്ണീരണിയിക്കുന്നത്.
കാഞ്ഞങ്ങാട്ടെ ഒരു ദേശസാത്കൃത ബാങ്കില്‍നിന്ന് ശ്യാമള 2004 ഏപ്രിലില്‍ സ്വയംതൊഴില്‍ വായ്പയായി 79,500 രൂപ എടുത്തിരുന്നു. ഈ പണംകൊണ്ട് കാടക്കോഴികളെ വളര്‍ത്തി. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് ഭാസ്കരന് അര്‍ബുദം പിടിപെട്ടു. ചികത്സയ്ക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി. കാടക്കോഴി സംരംഭം ഇല്ലാതായി.
ആറുവര്‍ഷം ചികിത്സ നീണ്ടു. എന്നിട്ടും ഭര്‍ത്താവിന്റെ ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞവര്‍ഷം നടന്ന അദാലത്തില്‍ 1.05 ലക്ഷം രൂപ മൂന്നുതവണയായി അടച്ചാല്മതിയെന്ന് തീരുമാനമുണ്ടായി. കാല് ലക്ഷം അന്നുതന്നെ അടച്ചു. നാലുമാസത്തിനുള്ളില്‍ രണ്ടുതവണയായി ബാക്കിതുക അടയ്ക്കണമെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
ഇതിനിടെ വിധി വീണ്ടും ശ്യാമളയ്കുനേരെ തിരിഞ്ഞു. വയറ്റില്‍ അള്‍സര്‍ പിടിപെട്ട് അവര്‍ ചികിത്സയിലായി. പണം തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ ൈകയില്‍ കിട്ടിയ ജപ്തിനോട്ടീസില്‍ 1.92 ലക്ഷം അടയ്ക്കാനാണ് നിര്‍ദേശം. ആകെയുള്ള അഞ്ചുസെന്റു സ്ഥലവും വീടും നഷ്ടപ്പെട്ടാല്‍ ബിരുദത്തിന് പഠിക്കുന്ന മകളെയും പ്ലസ് വണ്ണിന് പഠിക്കുന്ന മകനെയും കൂട്ടി എങ്ങോട്ട് പോകുമെന്നെനിക്കറിയില്ല- വിതുമ്പലോടെ ശ്യാമള പറയുന്നു. അവരുടെ ദുരിതത്തിന് അറുതിവരുത്താന്‍ ഇനി സര്‍ക്കാരിന്റെ കനിവുതന്നെ വേണം.