കൈക്കുഞ്ഞിന് കനിവേകാന്‍ കരുണയുടെ കരങ്ങള്‍ വേണം
Posted on: 02 Aug 2015
രാജപുരം: അമ്മേയെന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തിരുന്ന മാതൃത്വത്തിന് മുമ്പില്‍ കുഞ്ഞുശരീരം ചലിപ്പിക്കാന്‍പോലും കഴിയാതെ ഒന്നരവയസ്സുകാരി ശിവന്യ. എന്‍ഡോസള്‍ഫാന്‍ ദുരിതംവിതച്ച മണ്ണിലെ കണ്ണീര്ക്കാഴ്ചയാവുകയാണ് കോടോം-ബേളൂര്‍ പഞ്ചായത്ത് അട്ടേങ്ങാനം കൊളങ്ങരടിയിലെ ബാലന്റെയും സുനിതയുടെയും മകള്‍ ശിവന്യ. ജന്മനാ ആരോഗ്യക്കുറവും വളര്ച്ചക്കുറവുമുണ്ടായിരുന്ന കുഞ്ഞിന് ഒരുവയസ്സായപ്പോള്‍ പനിബാധിച്ചു. ഇതേത്തുടര്‍ന്ന് അപസ്മാരവും പിടിപെട്ടു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സിച്ചെങ്കിലും അസുഖം ഭേദമാവാത്തതിനെത്തുടര്‍ന്ന് പരിയാരത്തും പിന്നീട് ഒരുമാസം കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സ നടത്തി. കരളിന്റെ ഒരുവശത്ത് കട്ടി കൂടുതലായതാണ് കുഞ്ഞിന്റെ വളര്‍ച്ചക്കുറവിനും ആവശ്യത്തിന് ശരീരം അനക്കാന്കഴിയാത്തതിനും കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അസുഖം ഭേദമാവണമെങ്കില്‍ ചെലവേറിയ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജില്‍നിന്ന് തിരിച്ചെത്തിയ ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുമൂലം മകളെ തുടര്‍ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ല. മരുന്ന് നല്കുമ്പോള് അസ്വസ്ഥതയും ഛര്‍ദിയും ഉണ്ടാകുന്നതുകൊണ്ട് ഇപ്പോള്‍ മരുന്നുംനല്കുന്നില്ല. കുഞ്ഞിന് കാഴ്ചശക്തിയും കുറഞ്ഞുവരികയാണ്. കൂലിപ്പണിയെടുത്ത് കഴിയുന്ന അച്ഛന് ബാലന്റെ വരുമാനമാണ് കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗം. പലദിവസങ്ങളിലും പണിയും ഉണ്ടാകാറില്ല. കിട്ടുന്നത് തുച്ഛമായ വരുമാനം. മകളുടെ അസുഖത്തിനുള്ള ഭീമമായ തുക എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ് ഈ കുടുംബം. കുടുംബസ്വത്തായി ലഭിച്ച ഏഴുസെന്റ് സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് ഇവരുടെ താമസം. ഇവിടെ നാലര വയസ്സുകാരന് ജേഷ്ഠന്റെ കളിചിരിയും അമ്മയുടെ താരാട്ടും കേട്ട് തളര്‍ന്നുകിടക്കുന്ന ഈ കുഞ്ഞിന് ജീവിതത്തിലേക്ക് പിച്ചവെയ്ക്കണമെങ്കില് സുമനസ്സുകളുടെ സഹായംവേണം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഒടയംചാല്‍ ശാഖയില്‍ സുനിതയുടെ പേരില്‍ അക്കൗണ്ട് ഉണ്ട്. നമ്പര്‍: 110001000008978 ഐ.എഫ്ഭഎസ്.സി. കോഡ്: IOBA0001100