കാഞ്ഞങ്ങാട്ടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
Posted on: 01 Aug 2015
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കൊല്ലത്ത് വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണംചെയ്ത് അറസ്റ്റിലായ ജെയിംസ് ജോര്‍ജ് എന്നയാളെ ഇതുമായി ബന്ധപ്പെട്ട് ചോദ്യംചെയ്തതായി കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ബാബു പെരിങ്ങേത്ത് അറിയിച്ചു. എന്നാല്‍, ജെയിംസ് ജോര്‍ജ് വിതരണംചെയ്ത വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കാഞ്ഞങ്ങാട്ടെ കേസുമായി ബന്ധമില്ലാത്തതാണെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞെന്നും ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.
കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിയാണ് ചോദ്യംചെയ്യല്‍ നടന്നത്. പ്രാഥമിക പരിശോധനയില്‍ കാഞ്ഞങ്ങാട്ടെ കേസുമായി ബന്ധമില്ലെന്ന് ബോധ്യപ്പെട്ടെങ്കിലും കൊല്ലം കേസുമായുള്ള അന്വേഷണത്തില്‍നിന്ന് പിന്മാറുന്നില്ലെന്നും ക്രൈംബ്രാഞ്ച് പോലീസ് അറിയിച്ചു. അവിടത്തെ കേസില്‍ ഉള്‍പ്പെട്ട മറ്റു പലരെയും ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 11-നാണ് കാഞ്ഞങ്ങാട്ട് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയുള്‍പ്പെടെ ഒമ്പതുപേര്‍ പോലീസ് പിടിയിലാകുകയും ചെയ്തു. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ആദ്യ പട്ടികയില്‍ത്തന്നെ പത്തുപേരെ പ്രതിചേര്‍ത്തിരുന്നു. ഇതില്‍ ഒരാള്‍ ഗള്‍ഫിലേക്ക് മുങ്ങി. തിരുവനന്തപുരത്തുള്‍പ്പെടെ തെക്കന്‍ജില്ലകളിലും മറ്റും ഹൊസ്ദുര്‍ഗ് പോലീസെത്തി അന്വേഷണം നടത്തിയിരുന്നു.
കേരളത്തിലും കര്‍ണാടകത്തിലും തമിഴ്നാട്ടിലുമെല്ലാം കാഞ്ഞങ്ങാട്ടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ എത്തിയിട്ടുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് കിട്ടിയത്. മുഖ്യപ്രതിയുടെ വീടിനോടുചേര്‍ന്ന ക്വാര്‍ട്ടേഴ്സായിരുന്നു തട്ടിപ്പുകേന്ദ്രം. വ്യാജ സീലുകള്‍, കണ്ണൂര്‍, കോഴിക്കോട്, കേരള സര്‍വകലാശാലകളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍, രാജ്യത്തെ പല സര്‍വകലാശാലകളുടെ പേരില്‍ തയ്യാറാക്കിയ സീലുകള്‍, വ്യാജ പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, കമ്പ്യൂട്ടര്‍, സ്കാനര്‍, പ്രിന്റര്‍ എന്നിവ ഇവിടെനിന്ന് പോലീസ് പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞമാസമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.