ബീഡിവ്യവസായത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം -എ.ഐ.ടി.യു.സി.

Posted on: 01 Aug 2015



കാസര്‍കോട്: ബീഡിവ്യവസായം നിലനിര്‍ത്തി തൊഴില്‍ സംരക്ഷിക്കാനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് താലൂക്ക് ബിഡിത്തൊഴിലാളി യൂണിയന്‍ (എ.ഐ.ടി.യു.സി.) കാസര്‍കോട് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ധനകാര്യ മന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ബീഡിക്ക് 14.5 ശതമാനം വില്പനനികുതി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിലവില്‍ ഈ വ്യവസായം വലിയ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ബീഡിക്ക് ഒരിക്കലും ഇല്ലാതിരുന്ന വില്പനനികുതി കൂടി ചുമത്തി വ്യവസായത്തെ തകര്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബീഡിയെ നികുതിയില്‍നിന്ന് ഒഴിവാക്കണമെന്ന് വിവിധ തൊഴിലാളിസംഘടനകള്‍ മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെടുകയും പ്രക്ഷോഭം സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍, സര്‍ക്കാരില്‍നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. യോഗത്തില്‍ എം.സഞ്ജീവഷെട്ടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സഞ്ജീവറൈ, പി.എന്‍.ആര്‍.അമ്മണ്ണായ, സുരേഖ മഞ്ചേശ്വരം, ബേബി സീതാംഗോളി, കെ.പത്മിനി മുള്ളേരിയ, കെ.ഭാര്‍ഗവി, ബേബി കാടകം എന്നിവര്‍ സംസാരിച്ചു.

More Citizen News - Kasargod