പെട്രോള്‍, ഡീസല്‍ നികുതി വരുമാനം 75,400 കോടി
Posted on: 01 Aug 2015
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ നികുതിയിനത്തില്‍ സര്‍ക്കാറിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 75,441 കോടി രൂപ. 2012-13 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനയാണിത്.
2012-13 ല്‍ ഈ ഇനത്തില്‍ വരുമാനം 46,926 കോടി രൂപ മാത്രമായിരുന്നു. 2013-14 ല്‍ ഇത് 50,222 കോടിയായി ഉയര്‍ന്നു. ഇതാണ് ഇപ്പോള്‍ 75,000 കോടി പിന്നിട്ടിരിക്കുന്നത്. കേന്ദ്ര ധന സഹമന്ത്രി ജയന്ത് സിന്‍ഹ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം.
പെട്രോളിനും ഡീസലിനും റവന്യു, കസ്റ്റംസ്, എക്സൈസ് തീരുവ ഇനത്തിലാണ് സര്‍ക്കാറിന് വരുമാനം ലഭിക്കുന്നത്. അതേസമയം, പെട്രോളിനും ഡീസലിനും വിലനിയന്ത്രണം നീക്കിയതിനു ശേഷം സബ്സിഡി ഇനത്തില്‍ ധനസഹായം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 2010 ജൂണ്‍ 26-നാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. ഡീസലിന് 2014 ഒക്ടോബര്‍ 19 മുതലും.
എന്നാല്‍, അണ്ടര്‍ റിക്കവറി ഇനത്തില്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ സഹായം നല്കി വരുന്നുണ്ട്. 2014-15 ല്‍ 27,308 കോടി രൂപ ഇത്തരത്തില്‍ നല്കി. 2013-14 ല്‍ 70,772 കോടിയും 2012-13 ല്‍ ഒരു ലക്ഷം കോടി രൂപയുമാണ് എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത്.
ആഗോള വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞ ശേഷം സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതിയില്‍ ഗണ്യമായ വര്‍ധന വരുത്തിയിരുന്നു. ഇതാണ് വരുമാനം ഇത്രയും ഉയരാന്‍ കാരണമായത്. അതേസമയം, പെട്രോളിനും ഡീസലിനും നികുതി കുറയ്ക്കാന്‍ ആലോചനയില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.