നീലേശ്വരം താലൂക്കാസ്പത്രിക്ക് ആംബുലന്‍സില്ല; ആരോഗ്യവകുപ്പ് വാഹനം തുരുമ്പെടുക്കുന്നു
Posted on: 01 Aug 2015
നീലേശ്വരം: മലയോരമേഖലകളിലെ നിര്‍ധനരായ രോഗികളുടെ ആശാകേന്ദ്രമായ നീലേശ്വരം താലൂക്കാസ്പത്രിക്ക് ആംബുലന്‍സ് ഇനിയും അനുവദിച്ചിട്ടില്ല. അതേസമയം, ആരോഗ്യവകുപ്പിന്റെ ഔദ്യോഗികവാഹനം ആസ്പത്രിവളപ്പില്‍ തുരുമ്പെടുത്തുനശിക്കുന്നു.
ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ ആവശ്യത്തിനായി ഉപയോഗിച്ച വാനാണ് വര്‍ഷങ്ങളായി നശിച്ചുകൊണ്ടിരിക്കുന്നത്. മികച്ചരീതിയില്‍ സര്‍വീസ് നടത്തിയിരുന്ന വാഹനം തകരാറിലായതോടെ മെഷീന് അറ്റകുറ്റപ്പണിക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. തിരിച്ചുകൊണ്ടുവന്ന മെഷീന് ഉപയോഗിച്ച് തുടര്‍ന്ന് അല്പകാലം വാന്‍ ഓടിയിരുന്നെങ്കിലും വീണ്ടും തകരാറിലായി. ഇതോടെയാണ് വാഹനം ഉേപക്ഷിച്ചത്. തുരുമ്പെടുക്കുന്ന വാഹനം യഥാസമയം ഒഴിവാക്കിയിരുന്നുവെങ്കില്‍ ഇരുമ്പുവിലയെങ്കിലും ലഭിക്കുമായിരുന്നു. മാത്രമല്ല ആസ്പത്രിയുടെ ഐ.പി. വാര്‍ഡിനുമുന്നില്‍ 'അനാഥപ്രേതം'പോലെ ഉണ്ടാവുമായിരുന്നില്ല. ആരോഗ്യവകുപ്പിന്റെ ജില്ലയിലെ വാഹനങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നത് താലൂക്കാസ്പത്രി പരിസരത്തുള്ള കെട്ടിടത്തിലാണ്.
താലൂക്കാസ്പത്രിക്ക് സ്വന്തമായി ആംബുലന്‍സ് ഇല്ലാത്തതിനാല്‍ ഭീമമായ തുക നല്കി സ്വകാര്യ ആംബുലന്‍സിനെയാണ് രോഗികള്‍ ആശ്രയിച്ചുവരുന്നത്. നിര്‍ധനരായ രോഗികള്‍ക്ക് ഇതു താങ്ങാവുന്നതിലും അധികമാണ്.
ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ നിയമസഭയില്‍ എത്തിച്ച് മുഖ്യമന്ത്രിയാക്കാനുള്ള ഭാഗ്യം 1957-ല്‍ നീലേശ്വരത്തിനാണുണ്ടായത്. നീലേശ്വരം ദ്വയാംഗമണ്ഡലത്തില്‍ നിന്നാണ് ഇ.എം.എസ്. വിജയിച്ചത്. അതിന്റെ പ്രത്യുപകാരമായി 1957-ല്‍ നീലേശ്വരത്ത് അനുവദിച്ച ആസ്പത്രി അദ്ദേഹംതന്നെയാണ് ഉദ്ഘാടനംചെയ്തത്. എന്നാല്‍, കമ്യൂണിസ്റ്റ് ആചാര്യന്റെ സ്മരണ ഉണര്‍ത്തുന്ന ആസ്പത്രിക്ക് ഒരു ആംബുലന്‍സ് അനുവദിക്കാന്‍ കമ്യൂണിസ്റ്റുകാരായ ജനപ്രതിനിധികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല.