തെരുവുനായ നിയന്ത്രണപദ്ധതി ഈ മാസം തുടങ്ങും

Posted on: 01 Aug 2015കാസര്‍കോട്: തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടക്കുന്ന പദ്ധതി ആഗസ്തില്‍ തുടങ്ങാന്‍ ജില്ലാതല ഏകോപനസമിതിയോഗം തീരുമാനിച്ചു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തുന്നതിനായി കാസര്‍കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലും കാഞ്ഞങ്ങാട് നഗരത്തിലും സൗകര്യങ്ങളൊരുക്കും. കാഞ്ഞങ്ങാട് കേന്ദ്രം ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം ഉടന്‍ കണ്ടെത്തും. ത്രിതലപഞ്ചായത്തുകളുടെ 131 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആറിന് നടക്കുന്ന ആസൂത്രണസമിതിയോഗത്തില്‍ പദ്ധതിയുടെ അംഗീകാരം നേടും. തുടര്‍ന്ന് തെരുവുനായ്ക്കളെ പിടികൂടി കേന്ദ്രത്തിലെത്തിക്കുന്നതിനായി രണ്ട് വാഹനങ്ങള്‍ വാങ്ങും.
കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിന്റെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറിലാണ് യോഗംചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി.ശ്യാമളാദേവി, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. രാജഗോപാലന്‍ കര്‍ത്ത, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. പി.എം.ജയകുമാര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ഷുക്കൂര്‍, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.കാര്‍ത്ത്യായനി, കാസര്‍കോട് നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.അബ്ദുള്‍റഹ്മാന്‍ കുഞ്ഞി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. എം.സി.വിമല്‍രാജ് എന്നിവര്‍ പങ്കെടുത്തു.

More Citizen News - Kasargod