മാഹിപ്പള്ളി തിരുനാളിന് തിരക്കേറി

Posted on: 12 Oct 2014
മയ്യഴി: മാഹി സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാള്‍ ഉത്സവത്തിന് തിരക്ക് വര്‍ധിച്ചു. വിശുദ്ധ അമ്മ ത്രേസ്യാപുണ്യവതിയുടെ തിരുസ്വരൂപത്തില്‍ പുഷ്പമാല ചാര്‍ത്താനും മെഴുകുതിരി കൊളുത്താനും നാനാജാതി മതസ്ഥര്‍ എത്തുന്നുണ്ട്.
രഹസ്യ അറയില്‍ സൂക്ഷിച്ച മയ്യഴിയമ്മയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചതോടെയാണ് തിരുനാള്‍ ഉത്സവം തുടങ്ങിയത്. 22ന് തിരുസ്വരൂപം വീണ്ടും രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ ഉത്സവം സമാപിക്കും.
13 വരെ പള്ളിയില്‍ നടക്കുന്ന പ്രദക്ഷിണത്തിലും ഒട്ടേറെപ്പേര്‍ പങ്കെടുക്കുന്നുണ്ട്. 14ന് ദീപാലങ്കൃതമായ തേരില്‍ മയ്യഴിയമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും.
നഗരപ്രദക്ഷിണത്തെ മാഹി ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് പൂജാരിയും ഭാരവാഹികളുമെത്തി സ്വീകരിക്കും.
12ന് 5.30ന് കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലക്ക് സ്വീകരണംനല്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യപൂജ.
14ന് തിരുനാള്‍ ജാഗരം 4.45ന് കോഴിക്കോട് രൂപതാ വികാരി ജനറല്‍ തോമസ് പനയ്ക്കലിന് സ്വീകരണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യപൂജ. ഏഴിന് നഗരപ്രദക്ഷിണം. 15ന് രാവിലെ തിരുനാളിന്റെ ഏറ്റവുംപ്രധാനപ്പെട്ട ചടങ്ങായ ശയനപ്രദക്ഷിണം നടക്കും. 10ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന് സ്വീകരണം നല്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ സമൂഹദിവ്യബലി. വൈകിട്ട് അഞ്ചിന് മതസൗഹാര്‍ദ സമ്മേളനമുണ്ടാകും.


More News from Kannur