അനധികൃത മണല്‍കടത്ത്; മൂന്നു വാഹനങ്ങള്‍ പിടിച്ചു, മൂന്നുപേര്‍ അറസ്റ്റില്‍

Posted on: 12 Oct 2014ഇരിട്ടി: അനധികൃതമായി മണല്‍ കടത്തിയ മൂന്നുവാഹനങ്ങള്‍ പിടികൂടി. മൂന്നുപേരെ ഇരിട്ടി പോലീസ് അറസ്റ്റുചെയ്തു. ഇരിട്ടി സി.ഐ. വി.വി.മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് മണല്‍കടത്ത് പിടികൂടിയത്. കച്ചേരിക്കടവ് പാലത്തിന് സമീപത്തുവെച്ച് രണ്ടു പിക്കപ്പ് വാനും കാപ്പുംകടവില്‍വെച്ച് ഒരു ഗുഡ്‌സ് ഓട്ടോറിക്ഷയുമാണ് പിടികൂടിയത്. വാഹനത്തിന്റെ ഡ്രൈവര്‍മാരായ സണ്ണി, വിനോദ്, വിവാഷ് എന്നിവരാണ് അറസ്റ്റിലായത്.
ബാരാപ്പോള്‍ പുഴയോരത്തുനിന്ന് വന്‍തോതില്‍ മണല്‍ക്കൊള്ള നടക്കുകയാണ് . നിരവധി ലോഡ് മണലാണ് രാത്രിയില്‍ പ്രദേശത്തുനിന്ന് കയറ്റിപ്പോകുന്നത്. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ കാവല്‍ക്കാരെ നിര്‍ത്തിയാണ് മണല്‍കടത്ത്. ഇവര്‍ക്ക് രാത്രി മൂന്നുനാല് മണിക്കൂര്‍ നേരത്തെ കാവല്‍ പ്രവ്യത്തിക്ക് 500 മുതല്‍ 1000 രൂപവരെയാണ് കൂലി. ഇവര്‍ക്ക് മൊബൈല്‍ ഫോണും ബൈക്കും മണല്‍ കടത്തുകാരുടെ ചെലവില്‍ നല്‍കും .
അനധികൃത മണലിന് 100 അടിക്ക് ഇരുപതിനായിരത്തോളം രൂപയാണ് ഈടാക്കുന്നത്. മുഴക്കുന്ന് പഞ്ചായത്തിലെ കാപ്പുംകടവിലും വന്‍ മണല്‍ക്കൊള്ളയാണ് നടക്കുന്നത്. ഇവിടെ പുഴക്കടവില്‍ വന്‍ കുഴികള്‍ ഉണ്ടാക്കിയാണ് മണലൂറ്റല്‍. ആദിവാസികളെയാണ് മണല്‍കടത്തിന് ഉപയോഗിക്കുന്നത്. പോലീസും പഞ്ചായത്തും റവന്യു വകുപ്പുംചേര്‍ന്ന് നിരവധി തവണ മണല്‍ പിടികൂടിയെങ്കിലും കള്ളക്കടത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.

പേരാവൂര്‍ മണ്ഡലത്തില്‍ 50 ലക്ഷം രൂപയുടെ
റോഡ് നവീകരണത്തിന് ഭരണാനുമതി


ഇരിട്ടി:
വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലുള്‍പ്പെടുത്തി പേരാവൂര്‍ മണ്ഡലത്തില്‍ 50 ലക്ഷം രൂപയുടെ റോഡ് നവീകരണപ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ. അറിയിച്ചു. പേരാവൂര്‍ പഞ്ചായത്തിലെ അറയങ്ങാട് ഇരുമ്പ റോഡിന് 5 ലക്ഷം രൂപയും കണിച്ചാര്‍ പഞ്ചായത്തിലെ കൊളക്കാട് - കാടമല റോഡിന് 10 ലക്ഷം രൂപയും അനുവദിച്ചു. പായം പഞ്ചായത്തിലെ കുന്നോത്ത്ചാല്‍ - വിളമന ഹെല്‍ത്ത് സെന്റര്‍ റോഡിന് ഏഴു ലക്ഷവും കീഴൂര്‍ -ചാവശ്ശേരി പഞ്ചായത്തിലെ നരയമ്പാറ-കാറാട്-നടുവനാട് റോഡിന് 10 ലക്ഷവും, കേളകം പഞ്ചായത്തിലെ കെ.വി.പടി ശാന്തിഗിരി റോഡിന് 8 ലക്ഷവും, ആറളം പഞ്ചായത്തിലെ എടൂര്‍ ഹൈസ്‌കൂള്‍ ഓണക്കര റോഡിന് 5 ലക്ഷവും, കൊട്ടിയൂര്‍ പഞ്ചായത്തിലെ താഴെ പാല്‍ച്ചുരം പണിയക്കോളനി റോഡിന് 5 ലക്ഷം രൂപയും അനുവദിച്ചതായി എം.എല്‍.എ. അറിയിച്ചു.
More News from Kannur