മന്ത്രി അബ്ദുറബ്ബിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Posted on: 12 Oct 2014പയ്യന്നൂര്‍: തായിനേരി എസ്.എ.ബി.ടി.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ ബ്ലോക്കിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനെത്തിയ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിനെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. തായിനേരി റോഡിലായിരുന്നു സംഭവം. പെണ്‍കുട്ടികളടക്കം ഇരുപതോളംപേരാണ് സംഘത്തിലുണ്ടായിരുന്നത്.
ജില്ലാ പ്രസിഡന്റ് എം.വിജിന്‍, പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി സി.വി.രഹിനേജ്, കെ.മനുരാജ്, അമൃത പി., വിദ്യ കെ. എന്നിവരുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ പതുങ്ങിനിന്ന് മന്ത്രിയുടെവാഹനവ്യൂഹം വന്നപ്പോള്‍ റോഡിലേക്ക് ചാടിവീഴുകയാണുണ്ടായത്. സമരക്കാരെ മാറ്റിയശേഷമാണ് മന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയത്.
മന്ത്രിയെ കരിങ്കൊടികാണിക്കാനായി എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മറ്റൊരുസംഘം പള്ളിഹാജി റോഡില്‍ തമ്പടിച്ചിരുന്നു. ഇവരെ പയ്യന്നൂര്‍ സി.ഐ. കെ.സുഷീര്‍, എസ്.ഐ. കെ.സനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു നീക്കി. ജില്ലാ സെക്രട്ടറി സരിന്‍ ശശി, സുമേഷ് എ.കെ., പി.വി.ജിതിന്‍, ടി.വി.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ എത്തിയത്.
എസ്.എഫ്.ഐ. പ്രവര്‍ത്തകരും പോലീസുംതമ്മില്‍ ചെറിയതോതില്‍ വാക്തര്‍ക്കവുമുണ്ടായി. മന്ത്രിയെ എസ്.എഫ്.ഐ. കരിങ്കൊടി കാണിക്കുമെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് ജാഗ്രതയിലായിരുന്നു. പോലീസിന്റെ സമയോചിതമായ ഇടപെടലാണ് സംഘര്‍ഷം ഒഴിവാക്കിയത്.


More News from Kannur