മാഹിപ്പള്ളി തിരുനാളിന് തിരക്കേറി

Posted on: 12 Oct 2014മയ്യഴി: മാഹി സെന്റ് തെരേസാ ദേവാലയത്തിലെ തിരുനാള്‍ ഉത്സവത്തിന് തിരക്ക് വര്‍ധിച്ചു. വിശുദ്ധ അമ്മ ത്രേസ്യാപുണ്യവതിയുടെ തിരുസ്വരൂപത്തില്‍ പുഷ്പമാല ചാര്‍ത്താനും മെഴുകുതിരി കൊളുത്താനും നാനാജാതി മതസ്ഥര്‍ എത്തുന്നുണ്ട്.
രഹസ്യ അറയില്‍ സൂക്ഷിച്ച മയ്യഴിയമ്മയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചതോടെയാണ് തിരുനാള്‍ ഉത്സവം തുടങ്ങിയത്. 22-ന് തിരുസ്വരൂപം വീണ്ടും രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ ഉത്സവം സമാപിക്കും.
13 വരെ പള്ളിയില്‍ നടക്കുന്ന പ്രദക്ഷിണത്തിലും ഒട്ടേറെപ്പേര്‍ പങ്കെടുക്കുന്നുണ്ട്. 14-ന് ദീപാലങ്കൃതമായ തേരില്‍ മയ്യഴിയമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം നടക്കും.
നഗരപ്രദക്ഷിണത്തെ മാഹി ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് പൂജാരിയും ഭാരവാഹികളുമെത്തി സ്വീകരിക്കും.
12-ന് 5.30-ന് കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലക്ക് സ്വീകരണംനല്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യപൂജ.
14-ന് തിരുനാള്‍ ജാഗരം 4.45-ന് കോഴിക്കോട് രൂപതാ വികാരി ജനറല്‍ തോമസ് പനയ്ക്കലിന് സ്വീകരണം. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ ദിവ്യപൂജ. ഏഴിന് നഗരപ്രദക്ഷിണം. 15-ന് രാവിലെ തിരുനാളിന്റെ ഏറ്റവുംപ്രധാനപ്പെട്ട ചടങ്ങായ ശയനപ്രദക്ഷിണം നടക്കും. 10-ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലക്കലിന് സ്വീകരണം നല്കും. തുടര്‍ന്ന് അദ്ദേഹത്തിന്റെ കാര്‍മികത്വത്തില്‍ സമൂഹദിവ്യബലി. വൈകിട്ട് അഞ്ചിന് മതസൗഹാര്‍ദ സമ്മേളനമുണ്ടാകും.


More News from Kannur