ജനാധിപത്യത്തിന്റെ തിരിച്ചടികള്‍ക്കുള്ള മറുപടി സംവാദം -എം.എന്‍.കാരശ്ശേരി

Posted on: 12 Oct 2014കണ്ണൂര്‍: ജനാധിപത്യത്തിന് പലപ്പോഴും തിരിച്ചടി നേരിടാറുണ്ടെന്നും അതിനുള്ള മറുപടി ആയുധമല്ല മറിച്ച് സംവാദമാണെന്നും പ്രമുഖ എഴുത്തുകാരന്‍ എം.എന്‍.കാരശ്ശേരി പറഞ്ഞു. അതേസമയം ജനങ്ങളുടെ ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ നിലനില്‍പ്പെന്നും അദ്ദേഹം പറഞ്ഞു.
എം.എന്‍.വിജയന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ വിജയന്‍മാഷ് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യം ലഭിച്ചിട്ട് 20 വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ ജനാധിപത്യം അടിയന്തരാവസ്ഥയിലേക്ക് നീങ്ങിയത് ഈ ജാഗ്രതക്കുറവാണ്. ഇന്ദിര ഇന്ത്യയാണ്; ഇന്ത്യ ഇന്ദിരയാണെന്ന് അന്ന് ഡി.കെ.ബറുവ പറഞ്ഞപ്പോള്‍ അതിനെ നിരാകരിക്കാന്‍ ആരും ഉണ്ടായില്ല. അതേസമയം സി.പി.എമ്മില്‍ ഏകാധിപത്യത്തെ ചോദ്യംചെയ്യാന്‍ എം.എന്‍.വിജയന് കഴിഞ്ഞു.
രാഷ്ട്രീയത്തില്‍ എതിര്‍പ്പിനെ സഹിഷ്ണുതയോടെ കാണണം. ഒരിക്കല്‍ പി.കൃഷ്ണപിള്ളയും എ.കെ.ജി.യും തമ്മിലുള്ള അഭിപ്രായഭിന്നതയില്‍ എ.കെ.ജി. കൃഷ്ണപിള്ളയെ അടിച്ചു. നീ എന്നെ അടിച്ചു അല്ലേ എന്നു പറയുക മാത്രമാണ് കൃഷ്ണപിള്ള ചെയ്തത്. അതോടെ പ്രശ്‌നവും തീര്‍ന്നു. ഇന്ന് സി.പി.എമ്മില്‍ അത് നടക്കുമോയെന്ന് കാരശ്ശേരി ചോദിച്ചു.
എം.പി.രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഡോ. സജീവ് പി.വി. അനുസ്മരണം നടത്തി. വിജയന്‍ കൂടാളി സ്വാഗതവും ഒ.പി.കൃഷ്ണന്‍ നന്ദിയും പറഞ്ഞു.


More News from Kannur