സി.പി.എം.കേന്ദ്രങ്ങളില്‍ ഗൃഹസമ്പര്‍ക്ക പരിപാടിയുമായി ബി.ജെ.പി.

Posted on: 12 Oct 2014കണ്ണൂര്‍: സി.പി.എം. ശക്തികേന്ദ്രങ്ങളില്‍ ഗൃഹസമ്പര്‍ക്കപരിപാടിയുമായി ബി.ജെ.പി. രംഗത്ത്.

പാര്‍ട്ടിഗ്രാമങ്ങള്‍ എന്നറിയപ്പെടുന്ന സ്ഥലങ്ങളില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന് പോലും സംഘടനാപ്രവര്‍ത്തനം എളുപ്പമല്ലാതായ സ്ഥലങ്ങളിലാണ് ഗൃഹസമ്പര്‍ക്കപരിപാടി നടത്തുന്നതെന്ന് ബി.ജെ.പി.നേതാക്കള്‍ പറയുന്നു.

തുടക്കം എന്ന നിലയില്‍ ഒക്ടോബര്‍ 14-ന് പയ്യന്നൂര്‍ നഗരസഭാ പരിധിയിലാണ് പ്രവര്‍ത്തനം. അന്ന് വൈകിട്ട് പയ്യന്നൂരില്‍ പൊതുസമ്മേളനവും നടക്കും.

സി.പി.എം. ശക്തികേന്ദ്രങ്ങളായ കണ്ടങ്കാളി, മമ്പലം, വെള്ളൂര്‍, കണ്ടോത്ത്, ചിറ്റാരിക്കാല്‍, കോറോം, മൂരിക്കൊവ്വല്‍, മാവിച്ചേരി എന്നിവിടങ്ങളിലെ വീടുകളിലാണ് ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുക.

സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, മുന്‍ അഖിലേന്ത്യാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, കര്‍ഷകമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി.മോഹനന്‍, ജില്ലാ പ്രസിഡന്റ് കെ.രഞ്ജിത്ത്. ദേശീയസമിതി അംഗം പി.കെ.വേലായുധന്‍, യുവമോര്‍ച്ചാ സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ഒന്നാം ഘട്ടത്തില്‍ വീടുകയറി പ്രചാരണം നടത്തുക.

സമാധാനം, വികസനം എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലഘുലേഖകള്‍ വീടുകളില്‍ വിതരണം ചെയ്യും. സി.പി.എം.പ്രവര്‍ത്തകരുടെ വീടുകള്‍ തന്നെയാണ് ലക്ഷ്യം.

ചെറുവാഞ്ചേരിയിലും മറ്റും ബി.ജെ.പി. പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സി.പി.എം. കഴിഞ്ഞദിവസം നിരാഹാരസമരം നടത്തിയിരുന്നു. അതേസമയം സി.പി.എമ്മാണ് മറ്റു പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സമാധാനപരമായി സി.പി.എം. കേന്ദ്രത്തില്‍ പ്രചാരണം സംഘടിപ്പിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞു.


More News from Kannur