ഗര്‍ഭിണികള്‍ വീട്ടിലും ചുറ്റുപാടും ജോലിസ്ഥലത്തുമൊക്കെ പല പദാര്‍ഥങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലാവാറുണ്ട്. ഇതില്‍ ചിലത് ചര്‍മം, ശ്വാസകോശം, അന്നനാളം എന്നിവയിലൂടെ ഉള്ളിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. റേഡിയേഷന്‍, പുകവലി, മദ്യപാനം, കീടനാശിനികള്‍, രാസപദാര്‍ഥങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും.
റേഡിയേഷന്‍
അക്‌സ്‌റേയും സിടി സ്‌കാനും അയേണൈസിങ് റേഡിയേഷന്‍ പുറത്തുവിടുന്നു, ഉയര്‍ന്ന അളവില്‍ അയേണൈസിങ് റേഡിയേഷന്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് അംഗവൈകല്യം, വളര്‍ച്ചക്കുറവ,് ഭാവിയില്‍ ലുക്കിമിയ സാധ്യത തുടങ്ങിയവയ്ക്ക് വഴിവെക്കും. സാധാരണ എക്‌സ്‌റേയിലും സിടി സ്‌കാനിലും പരിശോധനയ്ക്ക് നിശ്ചയിച്ച അളവില്‍ (diagnostic dose) മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ഒറ്റതവണ ചെയ്യുന്ന എക്‌സ്‌റേയോ സിടി സ്‌കാനോ സുരക്ഷിതമാണ്.
മദ്യപാനവും പുകവലിയും
മദ്യം എത്ര ചെറിയ തോതിലായാലും കുഞ്ഞിനെ ദോഷകരമായി ബാധിക്കും. മദ്യപാനമുള്ള അമ്മയുടെ രക്തത്തില്‍ നിന്നും പ്ലാസന്റ വഴി മദ്യം കുഞ്ഞിന്റെ രക്തത്തിലെത്തുന്നു. മദ്യത്തിലെ ചില രാസവസ്തുക്കള്‍ fetal alcohol syndrome എന്ന പ്രത്യേക തരം രോഗം കുഞ്ഞിനുണ്ടാക്കുന്നു. വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, ലേണിങ് പ്രശ്‌നങ്ങള്‍, ഹൃദയ വാല്‍വ് തകരാറ്, നാഡീ വൈകല്യങ്ങള്‍ തുടങ്ങിയവയും കാണുന്നു.
ഗര്‍ഭിണിക്ക് പുകവലി ശീലമില്ലെങ്കിലും ഭര്‍ത്താവിന്റെ പുകവലി തത്തുല്യമായ ദോഷം ചെയ്യും. പുകവലിക്കുന്നവരുടെ സാമീപ്യം അപകടകരം തന്നെ. മറുപിള്ള നേരത്തെ വിട്ടു പോകുക, മാസം തികയാതെ പ്രസവിക്കുക, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതുമൂലം ഉണ്ടാകാം. പ്ലാസ്റ്റിക്കും റബ്ബറും കത്തുന്ന പുക ശ്വസിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്. കഴിയുന്നതും വീട്ടിനടുത്ത് വെച്ച് ഇവ കത്തിക്കരുത്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അവിടെനിന്നും മാറി നില്‍ക്കുക.
അണുബാധകള്‍
ഗര്‍ഭിണികള്‍ക്ക് പിടിപെടുന്ന അണുബാധയുടെ തീവ്രത വളരെ കൂടുതലുമായിരിക്കും. ചില അണുബാധ അമ്മയെ വലുതായി ബാധിച്ചില്ലെങ്കിലും കുഞ്ഞിന് വളരെ ഹാനികരമാകും. ഉദാഹരണത്തിന് ടോക്‌സോപ്ലാസ്‌മോസിസ് (toxoplasmosis). ഇത് അണുബാധയേറ്റ വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജന വസ്തുക്കളില്‍ നിന്നോ, മാംസഭക്ഷണത്തില്‍ നിന്നോ പകരുന്നു. ഇത് ഗര്‍ഭത്തിന്റെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ വന്നാല്‍ കുഞ്ഞിനെ കണ്‍ജനിറ്റല്‍ ടോക്‌സോപ്ലാസ്‌മോസിസ് (congenital toxoplasmosis) എന്ന രോഗം ബാധിക്കുന്നു. കുഞ്ഞിന്റെ തലയില്‍ വെള്ളം കെട്ടിക്കിടക്കുക, അന്ധത, ജന്നി, കുഞ്ഞിന് തൂക്കക്കുറവ്, തുടങ്ങിയവ കാണുന്നു. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം, ആഹാരത്തിനു മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകുക, നന്നായി പാകം ചെയ്ത മാംസം മാത്രം ഭക്ഷിക്കുക. ഗര്‍ഭിണികള്‍ വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.
കീടനാശിനികള്‍
കീടനാശിനിയുടെ അംശം ശരീരത്തിലെത്തുന്നത്, ഗര്‍ഭമലസല്‍, കുഞ്ഞിന് വളര്‍ച്ചകുറവ് , നേരത്തേയുള്ള പ്രസവം, വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് വഴിവെക്കുന്നു, ജൈവ വളമിട്ട് ഉണ്ടാക്കുന്ന പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക, നാടന്‍ കപ്പയും പയറും മുരിങ്ങയിലയും ഭക്ഷണത്തിലുള്‍പ്പെടുത്തുക.