
ചെറുപ്രായത്തില്‍ തന്നെ ബ്ലഡ് പ്രഷര്‍ അഥവാ ബി.പി. പിടികൂടുന്നവര്‍ ധാരാളമാണ്. ടെന്‍ഷനും ജീവിതശൈലിയുമാണ് പ്രധാനകാരണം. ടെന്‍ഷന്‍ ഗര്‍ഭിണികള്‍ക്ക് ഒട്ടും ഉചിതമല്ല. സ്വയം മനസ്സിനെ നിയന്ത്രിക്കുകയാണ് പ്രധാനം. ഇന്ത്യയില്‍ മാതൃമരണനിരക്ക് കൂടുന്നതിന് പ്രധാന കാരണം രക്തസമ്മര്‍ദമാണ്.
ഗര്‍ഭിണികള്‍ക്ക് രക്തസമ്മര്‍ദം 28 ആഴ്ച കഴിഞ്ഞാണ് കാണുന്നതെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രി ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഗിരിജ ബി. ഗുരുദാസ് പറഞ്ഞു. ഇത് അമ്മയേയും കുഞ്ഞിനേയും ദോഷകരമായി ബാധിക്കും. അമ്മയുടെ ഒന്നില്‍ കൂടുതല്‍ അവയവങ്ങള്‍ക്ക് തകരാര്‍ വരാം. അമ്മയുടെ രക്തസമ്മര്‍ദം കുട്ടിയെ ബാധിക്കുന്നു. ഇത് അമ്മയുടെ ശരീരത്തിലെ രക്തയോട്ടത്തെയും ബാധിക്കും. അമ്മയ്ക്ക് രക്തസമ്മര്‍ദം കൂടുമ്പോള്‍ കുട്ടിയിലേക്കുള്ള രക്തയോട്ടം കുറയും. അങ്ങനെ കുട്ടിക്ക് വളര്‍ച്ച കുറയും.
ചില കേസുകളില്‍ ഗര്‍ഭം അലസിപ്പോകാം. ചിലതിലാകട്ടെ ഗര്‍ഭപാത്രത്തിലെ ജലാംശം കുറയും. ഇത് കുട്ടിയുടെ ചലനങ്ങളേയും മറ്റും ദോഷകരമായി ബാധിക്കും. കൃത്യസമയത്ത് കുട്ടിയെ പുറത്തെടുത്തില്ലെങ്കില്‍ കുട്ടിയുടെ മരണം വരെ സംഭവിക്കാം. രക്തസമ്മര്‍ദം കൂടുതലുള്ള അമ്മയ്ക്ക് ചുഴലി, രക്തസ്രാവം, വൃക്കതകരാര്‍, തലച്ചോര്‍ തകരാര്‍ മുതലായവ സംഭവിക്കാം.
ഗര്‍ഭിണിയാകുന്നതിന് മുമ്പ് ബി.പി. ഉള്ളവര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇവര്‍ക്ക് പ്രമേഹമോ മറ്റ് ഏതെങ്കിലും അസുഖമോ ഉണ്ടെങ്കില്‍ ഇരട്ടി ശ്രദ്ധവേണം. 40 വയസ്സ് കഴിഞ്ഞ സ്ത്രീകളാണെങ്കില്‍ അതിശ്രദ്ധ അനിവാര്യമാണ്.
ബി.പി. ഉണ്ടെന്ന് അറിയാവുന്നവര്‍ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കണം.
ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇ-മെയിലില്‍ ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക
ശ്രദ്ധിക്കേണ്ടവ
* ബി.പി. ഉള്ള ഗര്‍ഭിണികള്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധ ചെലുത്തണം. അച്ചാര്‍, പപ്പടം, ഉണക്കമീന്‍, വറുത്ത പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. കറികള്‍ക്ക് ആവശ്യത്തിന് ഉപ്പിടാം. പഴം പച്ചക്കറികള്‍ എന്നിവ ധാരാളം കഴിക്കാം.
* നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം.
* ചെറുവ്യായാമം അത്യാവശ്യമാണ്.
* അമിതവണ്ണം, പോളിസ്റ്റിക്ക് ഓവേറിയന്‍ ഡിസീസ് എന്നിവ ഉള്ളവര്‍ക്ക് രക്തസമ്മര്‍ദം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
* പ്രസവത്തിനുശേഷവും രക്തസമ്മര്‍ദം പരിശോധിക്കണം. വിദഗ്ദ്ധഡോക്ടറുടെ ഉപദേശം തേടണം.
ബീബാ ബോബന്‍