
ചിത്രങ്ങളുടെ പ്രാധാന്യം പതുക്കെ കുറച്ചുകൊണ്ടുവരികയും, കൂടുതല്‍ വായിക്കുവാനുള്ള പുസ്തകങ്ങളിലേക്ക് മെല്ലെ മാറുകയും ചെയ്യണം. വീട്ടില്‍ മറ്റുള്ളവര്‍ വായിക്കുന്നത് കുട്ടികള്‍ കാണുന്നത് അവര്‍ക്ക് പ്രചോദനമായിരിക്കും. മൃഗങ്ങളുടേയും പക്ഷികളുടേയും മറ്റും കഥകളാണ് തുടക്കത്തില്‍ കുട്ടികള്‍ക്ക് പഥ്യം. കുറച്ചു വലുതാവുമ്പോള്‍ വീര-ധീര നായകന്മാരുടെ കഥകളാണ് കുട്ടികള്‍ക്ക് ഇഷ്ടമായി കാണുന്നത്. പ്രായത്തിനനുസരിച്ച് പുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ വ്യത്യാസം വരുത്തുവാന്‍ മറക്കരുത്.
വീട്ടില്‍ കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് നമ്പര്‍ ഇട്ട് ഒരു കൊച്ചു ലൈബ്രറി ഉണ്ടാക്കി അതിന്റെ ചുമതല കുട്ടികളെ തന്നെ ഏല്‍പ്പിക്കുന്നതുമൊക്കെ പുസ്തകങ്ങളെ സ്നേഹിക്കാനും വായനാശീലം വളര്‍ത്താനും സഹായകമാകും.