Home>Health News
FONT SIZE:AA

മൂന്ന് പതിറ്റാണ്ടിനുശേഷം പുതിയ ആന്റിബയോട്ടിക്


പാരീസ്:
ചികിത്സാരംഗത്ത് വിപ്ലവകരമായ കുതിപ്പുണ്ടാവുമെന്ന പ്രതീക്ഷപകര്‍ന്ന് മൂന്നുപതിറ്റാണ്ടുകള്‍ക്കുശേഷം ഗവേഷകര്‍ പുതിയ വിഭാഗത്തില്‍പ്പെട്ട ആന്റിബയോട്ടിക് മരുന്ന് വികസിപ്പിച്ചു. നിലവിലുള്ള മരുന്നുകള്‍ക്കെതിരെ രോഗാണുക്കള്‍ പ്രതിരോധശേഷി നേടുന്ന സാഹചര്യത്തില്‍ കണ്ടെത്തലിന് വലിയപ്രാധാന്യമുണ്ടെന്ന് 'നേച്വര്‍ ജേണലി'ല്‍ പ്രസിദ്ധീകരിച്ച ബോസ്റ്റണ്‍ നോര്‍ത്തീസ്റ്റേണ്‍ സര്‍വകലാശാലാ ഗവേഷകരുടെ പഠനം ചൂണ്ടിക്കാട്ടുന്നു.

ടെക്‌സൊബാറ്റിന്‍ എന്നപേരിലുള്ള മരുന്ന് എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടു. പരീക്ഷണശാലയില്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ക്ഷയരോഗാണുവിനെയും സ്റ്റാഫിലോകോക്കസിനെയും ടെക്‌സൊബാറ്റിന്‍ കീഴടക്കി. എലികളില്‍ മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായില്ല. രണ്ടുവര്‍ഷത്തിനകം മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനാവുമെന്നാണ് പ്രതീക്ഷ.

മണ്ണിലുള്ള സൂക്ഷ്മാണുക്കളെ മണ്ണില്‍ത്തന്നെ സ്വാഭാവികസാഹചര്യത്തില്‍ വളര്‍ത്തിയാണ് ഗവേഷകര്‍ പുതിയ മരുന്ന് വികസിപ്പിച്ചത്. ഇതിനായി ബാക്ടീരിയയെ ഐചിപ്പില്‍ വെച്ച് മണ്ണില്‍ നിക്ഷേപിച്ച് വംശവര്‍ധന നടത്തി. നൊവ ബയോട്ടിക് എന്ന മരുന്നുകമ്പനിയാണ് ഗവേഷണത്തിന് പണം മുടക്കിയത്.

മുപ്പതുവര്‍ഷം മുമ്പാണ് അവസാനമായി പുതിയവിഭാഗം ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തിയത്. 1950-കളിലും 60- കളിലുമായിരുന്നു പുതിയ ആന്റിബയോട്ടിക്കുകള്‍ ഏറെയും പിറന്നത്. 1987-നുശേഷം ഒറ്റ ബാക്ടീരിയാ വിരുദ്ധ മരുന്നും പുറത്തിറങ്ങിയില്ല. ഏറ്റവും ശക്തിയേറിയ ആന്റിബയോട്ടിക്കുകളെപ്പോലും അതിജീവിക്കുന്ന 'സൂപ്പര്‍ബഗ്ഗുകള്‍' ആരോഗ്യരംഗം നേരിടുന്ന ഏറ്റവുംവലിയ വെല്ലുവിളിയാവുമെന്ന് ലോകാരോഗ്യസംഘടന അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കപ്പെട്ട വര്‍ഷം
1928- പെന്‍സിലിന്‍
1932- സള്‍ഫൊനാമിഡ്‌സ്
1943- സ്ട്രപ്‌റ്റൊമൈസിന്‍
1946- ക്ലൊറാംഫിനിക്കൊള്‍
1948- സിഫാലൊസ്‌പോറിന്‍സ്
1952- എറിത്രൊമൈസിന്‍
1957- വാന്‍കൊമൈസിന്‍
1961- ട്രൈമിത്രൊപ്രിം
1976- കാര്‍ബപെനംസ്
1979- മോണൊബാക്റ്റംസ്
1987- ലിപ്പൊപെപ്‌റ്റൈഡ്‌സ്

Loading