Home>Health News
FONT SIZE:AA

രണ്ടുസ്‌പൂണ്‍ രക്തത്തില്‍നിന്ന് രക്തധമനി, മൂലകോശ ചികിത്സയില്‍ മുന്നേറ്റം


ലണ്ടന്‍: രണ്ടുസ്പൂണ്‍ രക്തത്തില്‍നിന്ന് ഏഴ് ദിവസത്തിനുള്ളില്‍ പുതിയ രക്തധമനി നിര്‍മിച്ച് സ്വീഡനിലെ ഒരു സംഘം ഗവേഷകര്‍ ചരിത്രം സൃഷ്ടിച്ചു.

ഗോത്തന്‍ബര്‍ഗ് സര്‍വകലാശാലയ്ക്കുകീഴിലെ സഹല്‍ഗ്രന്‍സ്‌ക ആസ്പത്രിയിലെ സര്‍ജന്‍ മൈക്കല്‍ ഒലോസണും ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ സുചിത്ര സുമിത്രന്‍ ഹോഗെഴ്‌സണും ചേര്‍ന്നാണ് പുതിയ രീതിയിലൂടെ മൂലകോശത്തില്‍നിന്ന് രക്തക്കുഴലുകള്‍ വികസിപ്പിച്ചത്.

ഈ രക്തധമനികള്‍ രണ്ട് കുട്ടികളില്‍ വിജയകരമായി വെച്ചുപിടിപ്പിച്ചു. ആമാശയത്തിനും കരളിനുമിടയ്ക്കുള്ള രക്തധമനികളാണ് ഇവരില്‍ ശസ്ത്രക്രിയയിലൂടെ വെച്ചുപിടിപ്പിച്ചത്.

മൂന്നുവര്‍ഷംമുമ്പ് ഇവിടെത്തന്നെ ഒരു രോഗിക്ക് അവരുടെ മജ്ജയില്‍നിന്നെടുത്ത മൂലകോശത്തില്‍നിന്ന് നിര്‍മിച്ച രക്തധമനികള്‍ വിജയകരമായി വെച്ചുപിടിപ്പിച്ചിരുന്നു.

എന്നാല്‍, പുതിയ രീതിയനുസരിച്ച് രക്തധമനി വികസിപ്പിക്കാന്‍ മജ്ജയില്‍നിന്ന് മൂലകോശം എടുക്കേണ്ടതില്ല. 25 മില്ലിലിറ്റര്‍ രക്തം(ഏതാണ്ട് രണ്ട് ടേബിള്‍സ്പൂണ്‍) മാത്രമാണ് ഇതിനാവശ്യം. കുട്ടികളുടെ ശരീരത്തില്‍ ധമനികള്‍ യഥാവിധം പ്രവര്‍ത്തിക്കുന്നുണ്ട്. എബിയോമെഡിസിന്‍ എന്ന ജേണലാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

മൂന്നാമത് ഒരു കുട്ടിക്കുകൂടി രക്തത്തില്‍നിന്ന് വികസിപ്പിച്ച ധമനി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ഈ കുട്ടി ഇപ്പോഴും ചികിത്സയില്‍ കഴിയുന്നതിനാല്‍ വിവരം പുറത്തുവിട്ടിട്ടില്ല.

നേട്ടത്തില്‍ പങ്കാളിയായി ഇന്ത്യന്‍ വംശജ ഡോ. സുചിത്ര സുമിത്രന്‍


രണ്ടുവര്‍ഷംമുമ്പ് മൂലകോശത്തില്‍നിന്ന് രക്തധമനികള്‍ ലബോറട്ടറിയില്‍ വികസിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ഇന്ത്യന്‍ വംശജയായ ഡോ. സുചിത്ര സുമിത്രന്‍ ഹോഗെഴ്‌സണായിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്കും ഡയാലിസിസിനുമൊക്കെയുള്ള രക്തധമനികള്‍ ലബോറട്ടറിയില്‍ നിര്‍മിക്കുന്നതിലാണ് അന്ന് ഡോ. സുചിത്രയും സംഘവും ആദ്യമായി വിജയം കണ്ടെത്തിയത്.

ഇത് അവയവഭാഗങ്ങള്‍ ലബോറട്ടറിയില്‍ നിര്‍മിക്കുന്ന പരീക്ഷണങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയിരുന്നു. സ്വീഡനിലെ സഹല്‍ഗ്രന്‍സ്‌ക അക്കാദമിയിലെ ട്രാന്‍സ്പ്‌ളാന്റേഷന്‍ ബയോളജി വിഭാഗം പ്രൊഫസറാണ് ഇവര്‍.
Loading