Home>Health News
FONT SIZE:AA

മാറ്റിവെച്ച ഗര്‍ഭപാത്രത്തില്‍ ആദ്യകുഞ്ഞ് പിറന്നു


മാറ്റിവെച്ച ഗര്‍ഭപാത്രമുപയോഗിച്ച് ഒരു സ്വീഡിഷ് സ്ത്രീ ആണ്‍കുഞ്ഞിന് ജന്മമേകി. വൈദ്യശാസ്ത്ര ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കുഞ്ഞ് പിറക്കുന്നത്.

ഗര്‍ഭപാത്രമില്ലാതെ ജനിച്ച 36 കാരിയായ സ്ത്രീക്ക്, അവരുടെ 61 കാരിയായ കുടുംബസുഹൃത്താണ് ഗര്‍ഭപാത്രം ദാനംചെയ്തത്. ആ ഗര്‍ഭപാത്രമുപയോഗിച്ച് അവര്‍ ആണ്‍കുഞ്ഞിന് ജന്മംനല്‍കുകയായിരുന്നു.

സപ്തംബറില്‍ മാസം തികയുംമുമ്പാണ് കുഞ്ഞ് പിറന്നതെന്നും, പിറക്കുന്ന വേളയില്‍ കുഞ്ഞിന് 1.8 കിലോഗ്രാം ഭാരമുണ്ടായിരുന്നുവെന്നും, ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലായ 'ലാന്‍സെറ്റ്' റിപ്പോര്‍ട്ട് ചെയ്തു. അമ്മയും കുഞ്ഞും ഇപ്പോള്‍ സുഖമായിരിക്കുന്നു.

കൃത്രിമ ബീജസങ്കലനം വഴി 36 കാരിയുടെയും ഭര്‍ത്താവിന്റെയും 11 ഭ്രൂണങ്ങള്‍ ഡോക്ടര്‍മാര്‍ സൃഷ്ടിച്ചു. അവ ശീതീകരിച്ച് സൂക്ഷിച്ച ശേഷമാണ് ഗര്‍ഭാശയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ ഡോക്ടര്‍മാണ് ശസ്ത്രക്രിയ നടത്തിയത്.

ശരീരം ഗര്‍ഭപാത്രം തിരസ്‌ക്കരിക്കുന്നത് തടയാന്‍ പ്രതിരോധസംവിധാനത്തെ അമര്‍ച്ച ചെയ്യാനുള്ള മരുന്നകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടിവന്നു.

ഗര്‍ഭപാത്രം മാറ്റിവെച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍, ശീതീകരിച്ച സൂക്ഷിച്ച ഭ്രൂണങ്ങളിലൊന്ന് ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ഗര്‍ഭം ധരിപ്പിച്ചു.

താന്‍ തികച്ചും ആഹ്ലാദവാനാണെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. 'തീര്‍ച്ചയായും ഒരുവര്‍ഷത്തെ കഠിനയാത്ര തന്നെയായിരുന്നു അത്. പക്ഷേ, ഇപ്പോള്‍ ഞങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന ഒരു കുഞ്ഞിനെ കിട്ടി'.

മുമ്പ് ഗര്‍ഭപാത്രം മാറ്റിവെയ്ക്കാന്‍ രണ്ട് മെഡിക്കല്‍ ഗ്രൂപ്പുകള്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അവ വിജയിച്ചില്ല. ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫ.മാറ്റ്‌സ് ബ്രാന്‍സ്‌ട്രോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോള്‍ വിജയം കണ്ടത്.
Loading