Home>Diseases>Diphtheria
FONT SIZE:AA

ഡിഫ്തീരിയ'യുടെ സമകാലചിത്രം

രണ്ടായിരമാണ്ടിനുശേഷം പോളിയോയും 'നവജാത ടെറ്റനസ്സും' റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത കേരളത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടികളുടെ ഇടയിലെ ഡിഫ്തീരിയ ബാധയുടെയും മരണങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു.
മെയ് മാസം തിരുവനന്തപുരം പേപ്പാറ ആദിവാസികോളനിയിലെ കാണി സമുദായത്തില്‍പ്പെട്ട ഏഴു വയസ്സുകാരിയുടെ മരണത്തിനുശേഷം വടക്കന്‍ കേരളത്തില്‍ മലപ്പുറം ജില്ലയില്‍നിന്നും ഒരേ മതവിഭാഗത്തില്‍പ്പെട്ട 12 ലധികം കേസ്സുകളും രണ്ടു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


രോഗബാധിതര്‍ മുഴുവനും ഒന്നുകില്‍ തീരെ പ്രതിരോധ കുത്തിവെപ്പു നല്‍കപ്പെടുകയോ, ഭാഗികമായി മാത്രം എടുത്തവരോ ആണ്. (കുട്ടികളോ, രക്ഷിതാക്കളോ, ആരാണ് പിഴച്ചത്?...) പ്രതിരോധ കുത്തിവെപ്പിന്റെ സ്ഥിതി അറിയാന്‍ പേപ്പാറയിലെ 'കാണിക്കുടിലിലെത്തി'യ അന്വേഷകര്‍ക്ക് 'പ്രതിരോധ കാര്‍ഡ്' ചിതലരിച്ചതായി അറിയാന്‍ കഴിഞ്ഞു.

ഡിഫ്തീരിയ'യുടെ സമകാലചിത്രം

കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ആയിരക്കണക്കിന് കുട്ടികളുടെ ജീവന്‍ അപഹരിച്ചെടുത്ത ഡിഫ്തീരിയ 20ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ മിക്ക രാജ്യങ്ങളിലും ഒരു വലിയ ആരോഗ്യപ്രശ്‌നമല്ലാതായി മാറിയിട്ടുണ്ട്. വികസിതരാജ്യങ്ങളില്‍ ഈ രോഗം നിര്‍മാര്‍ജനത്തിന്റെ വക്കത്തും മറ്റു രാജ്യങ്ങളില്‍ നിയന്ത്രണത്തിലുമാണ്. പിറന്നുവീഴുന്ന കുട്ടികള്‍ക്കൊക്കെ സൗജന്യമായി പ്രതിരോധ കുത്തിവെപ്പുകള്‍ ലഭ്യമാക്കിയതും സാമൂഹിക- സാമ്പത്തിക വികസനവും ശുചിത്വപാലനവുമാണ് ഈ നേട്ടത്തിന് കാരണമായത്.

ഡിഫ്തീരിയയുടെ തിരിച്ചുവരവ് ആരോഗ്യസംവിധാനങ്ങള്‍ താറുമാറാക്കുന്നതിന്റെ സൂചനകളായാണ് കണക്കാക്കപ്പെടുന്നത്. 1990 കള്‍ക്കുശേഷം കമ്യൂണിസത്തിന്റെ പതനത്തോടെ 'സോവിയറ്റ് യൂണിയനി'ല്‍നിന്ന് വേര്‍പെട്ട ചിതറിയ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ഡിഫ്തീരിയ രണ്ടു ലക്ഷത്തിലധികം പേരെ ബാധിക്കുകയും 5000ത്തി ലധികം പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

2003ല്‍ യുദ്ധം തകര്‍ത്ത അഫ്ഗാനിസ്താനിലെ ഖണ്ഡഹാറില്‍ അഭയാര്‍ഥി ക്യാമ്പില്‍ 50ഓളം കുട്ടികളെ ബാധിച്ച് 3 പേര്‍ മരണപ്പെടുകയുമുണ്ടായി. ''പ്രതിരോധ ഔഷധത്തിന്റെ വിതരണത്തിലും ഉപയോഗത്തിലുമുണ്ടായ കുറവാണ് രോഗത്തിന്റെ തിരിച്ചുവരവിന് കാരണമെന്ന്'' ലോകാരോഗ്യ സംഘടനാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന് മാതൃകയായി കേരളത്തിലും മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിഫ്തീരിയ ബാധിതരുടെ എണ്ണം ക്രമമായി കുറഞ്ഞുവരികയായിരുന്നു.

പട്ടിക 1


ഡിഫ്തീരിയ: ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതിവിവരം
വര്‍ഷം കേരളം ഇന്ത്യ
രോഗബാധ മരണം രോഗബാധ മരണം
2005 26 0 5826 68
2006 2 0 2745 66
2007 3 1 3354 37
(സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഹെല്‍ത്ത് ഇന്റലിജന്‍സ്-ഗവ. ഓഫ് ഇന്ത്യ)

ഡോ. ജയകൃഷ്ണന്‍ ടി.

കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം
മെഡിക്കല്‍ കോളേജ്, കോഴിക്കോട്




Tags- Diphtheria
Loading