'ചിക്കന്‍ പോക്സ്' - ഇത് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്ക്കും പേടിയാണ്. ചൂടുകാലം വന്നെത്തിയതോടെ ചിക്കന്‍പോക്സ് പലയിടങ്ങളിലും കാണുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഈ കാലാവസ്ഥയില്‍ ഇത് അതിവേഗം പടരും. ചിക്കന്‍പോക്സ് തടയാനും വന്നാല്‍ ചികിത്സിച്ച് മാറ്റാനുമുള്ള ഫലപ്രദമായ മരുന്നുകള്‍ ഇപ്പോള്‍ ലഭ്യമാണ്.വാരിസെല്ലാ സോസ്റ്റര്‍ വൈറസാണ് ചിക്കന്‍പോക്സിന് കാരണം. രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും വൈറസ് വായുവില്‍ കലര്‍ന്ന് മറ്റുള്ളവരുടെ ശ്വാസകോശത്തില്‍ കടക്കുന്നു. ഈ രോഗം പെട്ടെന്ന് പടരും. രോഗിയുമായി അടുത്തിടപെടുന്നവര്‍ക്കാണിത് പടരുക.
രോഗലക്ഷങ്ങള്‍
പനി, തലവേദന, പേശിവേദന മുതലായവയാണ് ആദ്യലക്ഷണങ്ങള്‍. താമസിയാതെ തൊലിപ്പുറമെ കുമിളകള്‍ പൊങ്ങിത്തുടങ്ങും. ആദ്യം
ജലകണികകള്‍ പോലെ ഇത് കാണപ്പെടുന്നു. പിന്നീട് ഇളം മഞ്ഞനിറം കാണുന്നു. പലപ്പോഴും നെഞ്ചത്തോ പുറത്തോ ആണ് ഇവ ആദ്യം കാണുക. ചിക്കന്‍പോക്സ് ഉള്ള ഒരു രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ 10-21 ദിവസത്തിനകം അടുത്തയാള്‍ക്കും രോഗലക്ഷണം കണ്ടുതുടങ്ങും. കുട്ടികളില്‍ പൊതുവെ രോഗലക്ഷണങ്ങള്‍ കുറവായിരിക്കും. മിക്കപ്പോഴും വെറുമൊരു പനി പോലെ വന്ന് സ്വയം ശമിക്കുകയും ചെയ്യും. എന്നാല്‍, വാര്‍ധക്യത്തില്‍ രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ന്യൂമോണിയ, മസ്തിഷ്കജ്വരം എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭകാലത്ത് ഈ രോഗം വന്നാല്‍ പ്രത്യേക ശ്രദ്ധ വേണം. ഏത് പ്രായക്കാര്‍ക്ക് രോഗം വന്നാലും ഡോക്ടറെ കണ്ട് വിദഗ്ധ ഉപദേശം സ്വീകരിക്കണം.
ചികിത്സ
ചിക്കന്‍പോക്സിനെപ്പറ്റി പല തെറ്റിദ്ധാരണകളും നിലവിലുണ്ട്. ചിക്കന്‍പോക്സ് വന്നാല്‍ കുറച്ചു ദിവസം കുളിക്കരുതെന്നാണ് പലരുടെയും ധാരണ. സത്യസ്ഥിതി മറിച്ചാണ്. ദിവസവും കുളിച്ച് ശുചിത്വം പാലിച്ചില്ലെങ്കില്‍ കുരുക്കള്‍ക്ക് അണുബാധയേല്ക്കാനും വ്രണമായിത്തീരാനും സാധ്യതയുണ്ട്. സോപ്പ് ഉപയോഗിക്കരുത്. ഇളംചൂടുവെള്ളത്തില്‍ അല്പം ഡെറ്റോളോ മറ്റ് അണുനാശിനിയോ ചേര്‍ത്ത് കുരുക്കള്‍ പൊട്ടാതെ മൃദുമായി വേണം കുളിക്കാന്‍. കുരുക്കള്‍ പൊങ്ങുന്നതിന് രണ്ട് ദിവസം മുമ്പും കരിഞ്ഞ് കഴിയുന്നതു വരെയും രോഗം പടരാനിടയുണ്ട്. കുരുക്കള്‍ പൊട്ടിച്ചാല്‍ കറുത്ത പാട് ഉണ്ടാകും. രോഗിയുടെ നഖങ്ങള്‍ വെട്ടി വൃത്തിയാക്കണം.
ചിക്കന്‍പോക്സ് വന്നാല്‍ രണ്ടാഴ്ചയോളം പൂര്‍ണവിശ്രമം വേണം.
ശ്രദ്ധിക്കേണ്ടവ
* ചിക്കന്‍പോക്സ് വന്ന രോഗികളുമായി അടുത്തിടപഴകരുത്
* രോഗിയുടെ വസ്ത്രങ്ങളും മറ്റും അണുനാശിനി ഉപയോഗിച്ച് കഴുകുക.
*രോഗിയുമായി സമ്പര്‍ക്കമുള്ളവര്‍ മൂന്നാഴ്ച ശ്രദ്ധിക്കുക; ചെറിയ പനി വന്നാലും വൈദ്യസഹായം തേടണം.
* കരിക്കിന് വെള്ളവും പഴവും പച്ചക്കറികളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.
ചിക്കന്‍ പോക്സിനെതിരായ വാക്സിനുകള്‍ ഇന്നു ലഭ്യമാണ്.
വിവരങ്ങള്‍ക്ക്
കടപ്പാട്,
ഡോ.സണ്ണി പി.ഓരത്തേല്‍,
ഫിസിഷ്യന്‍,
ജനറല്‍ ആസ്പത്രി, എറണാകുളം












വൈറസ് അണുബാധയിലൂടെയുണ്ടാകുന്ന സാധാരണ അസുഖമാണ് ചിക്കന്‍പോക്സ്. വേനല്‍കാലത്താണ് ചിക്കന്‍പോക്സ് പടരുന്നത്. ..




