മൂക്കൊലിപ്പ്, പനി, ഉള്ക്കുളിര്, നേരിയ തലവേദന ഇവയെല്ലാം ചേര്‍ന്നുണ്ടാകുന്ന അസ്വാസ്ഥ്യത്തെ ഒരു പേരിട്ട് വിളിക്കാനാകില്ല. അതൊരു അനുഭവമാകുന്നു. വേണമെങ്കില്‍ ഒരു നാടന്‍ ജലദോഷമെന്നു പറയാം. ഉഗ്രമൂര്‍ത്തികളായ ജലദോഷങ്ങള്‍ വേറെയുമുണ്ട്. നാടന്രോഗത്തിനു ചികിത്സകളും തഥൈവ. ചുക്കുകാപ്പി, ചൂടുകഞ്ഞി, കുരുമുളകുരസം എന്നിങ്ങനെ എണ്ണിപ്പറയാവുന്ന പരിഹാരങ്ങളില്‍ മുഖ്യ ഇനമാണ് രാസ്നാദിചൂര്‍ണം.
രാസ്നാദിചൂര്ണത്തിന് മാതൃവാത്സല്യത്തിന്റെ ഒരു ഗന്ധമുണ്ട്.
അരത്ത, ദേവതാരം, സിനായകം മുതലായ ഇരുപത്തിനാല് മരുന്നുകളാണ് രാസ്നാദിപ്പൊടിയിലുള്ളത്. എല്ലാം നീര്പിടിത്തമുണ്ടാക്കുന്നവ. അതുകൊണ്ടുതന്നെ മുണ്ടിവീക്കം, കഴലവീക്കം മുതലായവ കുറയുന്നതിന് രാസ്നാദിചൂര്‍ണം ചൂടുവെള്ളത്തിലോ മോരിലോ ചേര്‍ത്ത് ലേപനം ചെയ്യാറുണ്ട്. സന്നി, തീവ്രമായ തലവേദന എന്നിവ കുറയുന്നതിന് രാസ്നാദിചൂര്‍ണം ആവണക്കെണ്ണ ചേര്‍ത്ത് തലയില്‍ തളംവെയ്ക്കുന്ന ഒരു ചികിത്സാരീതി കേരളീയവൈദ്യന്മാര് അവലംബിച്ചിരുന്നു.
രാസ്നാദിചൂര്‍ണം മോരില്‍ കലക്കി തിളപ്പിച്ച് കുറുക്കി നെറ്റിമുഴുവന്‍ മൂടത്തക്കവിധം കാല് ഇഞ്ച് കനത്തില്‍ ലേപനംചെയ്തു കിടക്കുക. വലിയുന്നതിനനുസരിച്ച് കൂടെക്കൂടെ പുരട്ടുക. മേല്‍സൂചിപ്പിച്ച നാടന്‍ ജലദോഷം അധികം പരിക്കേല്‍പ്പിക്കാതെ പടികടന്നു പുറത്തുപോകും.
രജന്യാദിചൂര്‍ണം
ബാലചികിത്സയില്‍ സര്വരോഗഹരമായ രജന്യാദിചൂര്‍ണം പൂജിതമാകേണ്ട ഒരു ഔഷധക്കൂട്ടാണെന്നാണ് ആചാര്യന് സൂചിപ്പിക്കുന്നത്.
വാത്സല്യത്തില്‍ പൊതിഞ്ഞതാണ് അടുത്ത നിര്‍ദേശം. രജന്യാദിചൂര്‍ണം തേനും നെയ്യും ചേര്‍ത്ത് സ്വാദിഷ്ഠമാക്കിവേണം കുഞ്ഞുവായില് തേച്ചുകൊടുക്കാന്‍. അരുചി കാരണം കുഞ്ഞ് കരയാന്‍ ഇടയാകരുതെന്ന് താത്പര്യം. കവിയെപ്പോലെ വൈദ്യനും 'ഓരോ ശിശുരോദനത്തിലും ഈശ്വരവിലാപം' കേള്‍ക്കുന്നു എന്നര്‍ത്ഥം.
മഞ്ഞള്‍, ദേവതാരം, ചരളം, അത്തിത്തിപ്പലി, ചെറുവഴുതിന, വെണ്‍വഴുതിന, ഓരില ഇങ്ങനെ എട്ടുമരുന്നുകള് തുല്യ അളവില്‍ എടുത്ത് പൊടിച്ചുണ്ടാക്കുന്നതാണ് രജന്യാദിചൂര്‍ണം. മാത്രമല്ല നെയ്യിനും തേനിനും പൊതുവായ ചില ഗുണങ്ങളുണ്ട്. രണ്ടും പോഷകഗുണസമ്പന്നമാണ്. കണ്ണിനു വിശേഷിച്ചും നല്ലതാണ്; വിഷഹരമാണ്. നെയ്യിന് മസ്തിഷ്കവളര്‍ച്ചയെ ത്വരിതപ്പെടുത്താനാകും. തേനാകട്ടെ ബാല്യത്തിലുണ്ടായേക്കാവുന്ന കഫരോഗങ്ങളെ തടയുകയും ചെയ്യുന്നു.
അഗ്നിദീപ്തിയും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കാന്‍ ഉതകുന്ന മരുന്നാണ് രജന്യാദിചൂര്‍ണം. വയറിളക്കം, പനി, ചുമ, ശ്വാസംമുട്ട്, വിളര്‍ച്ച, ഉദരരോഗങ്ങള്‍, കരള്‍രോഗങ്ങള്‍ എന്നിവയുടെ പരിഹാരാര്ത്ഥവും യഥാവിധി രജന്യാദിചൂര്‍ണം ഉപയോഗിച്ചുവരുന്നു.