ചെറുകര പാലം ഉദ്ഘാടനം ശനിയാഴ്ച

Posted on: 01 Oct 2014എറണാകുളവും കോട്ടയവും ഇനി അകലെയല്ല
* കൊച്ചയില്‍നിന്നും മുളന്തുരുത്തി, ആരക്കുന്നം, ചെറുകര പാലംവഴി വെള്ളൂരിലേക്ക് പുതിയ പാതയ്ക്ക് വഴിയൊരുക്കും * ചെറുകരപാലം .... കൈപ്പട്ടൂര്‍, ഒലിയപ്പുറം, അരയന്‍കാവ്, കാഞ്ഞിരമറ്റം ഭാഗങ്ങളിേലക്കും എളുപ്പമെത്താം * നീളം മൂവാറ്റുപുഴയാറിന് കുറുകെ 153 മീറ്റര്‍, വീതി 13 മീറ്റര്‍ (ഇരുവശത്തും 1.75 മീറ്റര്‍ വീതിയില്‍ നടപ്പാത ഉള്‍പ്പെടെ) * നിര്‍മാണച്ചെലവ് 8.20 കോടി

പിറവം:
കൊച്ചിയിലേക്ക് ഇനി കോട്ടയത്തുനിന്ന് എളുപ്പമെത്താം. എറണാകുളം, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ചെറുകര പാലം ഉദ്ഘാടനത്തിനൊരുങ്ങി. ഒക്ടോബര്‍ 4ന് രാവിലെ 9ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെറുകരപാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ള ജനകീയാവശ്യം യാഥാര്‍ഥ്യമായതിന്റെ ആഹ്ലാദത്തിലാണ് വെള്ളൂര്‍, എടക്കാട്ടുവയല്‍ പഞ്ചായത്ത് നിവാസികള്‍.
വെള്ളൂര്‍ പഞ്ചായത്തില്‍, മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ള മേവെള്ളൂര്‍, തോന്നല്ലൂര്‍ ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം, തോന്നല്ലൂരിനോട് ചേര്‍ന്നുകിടക്കുന്ന എടക്കാട്ടുവയല്‍ പഞ്ചായത്തിനും അതിലൂടെ എറണാകുളം ജില്ലയ്ക്കുതന്നെയും കോട്ടയത്തേക്ക് പുതിയൊരു പ്രവേശനമാര്‍ഗമാകുകയാണ്.
ഇത് എളുപ്പമാര്‍ഗം
വെള്ളൂര്‍ തീവണ്ടിയാപ്പീസ് (പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍), വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ പത്രക്കടലാസ് നിര്‍മാണശാല എന്നിവ സ്ഥിതിചെയ്യുന്ന വെള്ളൂരിലേക്ക് എറണാകുളം ജില്ലയില്‍നിന്നും നേരിട്ടുള്ള കവാടമാണ് ചെറുകരപാലം. എടക്കാട്ടുവയലുകാര്‍ക്ക് ഇനി പിറവംവഴിയൊ വെട്ടിക്കാട്ടുമുക്ക് വഴിയൊ ചുറ്റിക്കറങ്ങാതെ നേരിട്ട് വെള്ളൂരിലെത്താം. പത്രക്കടലാസ് നിര്‍മാണശാലയിലേക്കുള്ള ജോലിക്കാര്‍ക്കും തീവണ്ടിയാപ്പീസിലേക്കുള്ള യാത്രക്കാര്‍ക്കും തലയോലപ്പറമ്പ്, കടുത്തുരുത്തി, വൈക്കം, പെരുവ ഭാഗങ്ങളിലെ വിവിധ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികള്‍ക്കും ഇനി റെയില്‍വേപ്പാളത്തോട് ചേര്‍ന്നുള്ള നടപ്പാതയെ ആശ്രയിക്കാതെ മറുകരയിലെത്താം.
അല്പം ചരിത്രം
1981ല്‍ വെള്ളൂരിലുണ്ടായ തീവണ്ടിദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പുഴയ്ക്കു കുറുകെ പാലത്തിനുവേണ്ടിയുള്ള മുറവിളി ശക്തമായത്. വെള്ളൂരില്‍ വള്ളംകളികഴിഞ്ഞ് പാളത്തിലൂടെ മടങ്ങുകയായിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് അന്ന് വേണാട് എക്‌സ്​പ്രസ്സ് പാഞ്ഞുകയറിയത്. റെയില്‍വേപ്പാലത്തിലെ സുരക്ഷാകൂടുകളില്‍ തിങ്ങിനിറഞ്ഞ യാത്രക്കാര്‍ക്കിടയിലേക്ക് തീവണ്ടി പാഞ്ഞുകയറിയപ്പോള്‍ നിരവധിപേര്‍ പുഴയില്‍വീണു. 18 പേര്‍ മരിച്ചു.
ദുരന്തത്തെത്തുടര്‍ന്ന് റെയില്‍വേപ്പാളത്തോട്‌ചേര്‍ന്ന് നടപ്പാത നിര്‍മിച്ചുവെങ്കിലും കഷ്ടിച്ച് നടന്ന് മറുകരപറ്റാമെന്നല്ലാതെ വാഹനങ്ങള്‍ കടത്തിക്കൊണ്ടുപോകുവാന്‍ സൗകര്യമില്ല.
ഒടുവില്‍, 1998ലാണ് വെള്ളൂര്‍, എടക്കാട്ടുവയല്‍ പഞ്ചായത്തുകളുടെ സംയുക്തസംരംഭമായി ജനകീയാസൂത്രണപദ്ധതിയിന്‍കീഴില്‍ പാലംപണി ആരംഭിച്ചത്. 1.65 കോടി രൂപ ചെലവില്‍ പാലം നിര്‍മിക്കാനാണ് അന്ന് പദ്ധതി തയ്യാറാക്കിയത്. വെള്ളൂരിലും എടക്കാട്ടുവയലിലും ജനകീയ സമിതികള്‍ ഉത്സാഹത്തോടെ രംഗത്തിറങ്ങിയതിനെത്തുടര്‍ന്ന് ഇരുകരകളില്‍നിന്നും ഒരേസമയം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍, പാലത്തിന്റെ കാലുകളുടെ പൈലിങ് സംബന്ധിച്ചുണ്ടായ സാങ്കേതികപ്രശ്‌നങ്ങള്‍ക്കിടയില്‍പ്പെട്ട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ താമസിയാതെ മന്ത്രി ടി.എം. ജേക്കബ് ചെറുകരപാലത്തിന് 8.60 കോടിയുടെ ഭരണാനുമതി ലഭ്യമാക്കി.
2012 മാര്‍ച്ചില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെറുകരപാലത്തിന്റെ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചു. ഒക്ടോബര്‍ നാലിന് മുഖ്യമന്ത്രി വീണ്ടും എത്തുകയാണ്, ചെറുകരപാലം ഉദ്ഘാടനംചെയ്യാന്‍. വാക്ക് പാലിക്കാന്‍ കഴിഞ്ഞ അഭിമാനത്തിലാണ് മുഖ്യമന്ത്രിയുടെ വരവ്. എടക്കാട്ടുവയലില്‍ മന്ത്രി അനൂപ് ജേക്കബും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. ജയകുമാറും മറ്റ് ജനപ്രതിനിധികളും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിക്കും. തോന്നല്ലൂര്‍ ചെറുകരയില്‍ നാടമുറിച്ചശേഷം മുഖ്യമന്ത്രിയും സംഘവും പാലത്തിലൂടെ നടന്ന് മറുകരയിലെത്തും. മേവെള്ളൂരിലാണ് ഉദ്ഘാടന യോഗം.


More News from Ernakulam