തേവനാല്‍ മാര്‍ ബഹനാന് പള്ളിയില്‍ ദേവാലയ കൂദാശയും ചരമ സുവര്‍ണ ജൂബിലി ആഘോഷവും
Posted on: 16 Sep 2015
മുളന്തുരുത്തി: തേവനാല്‍ മാര്‍ ബഹനാന് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ ദേവാലയ കൂദാശയും ഓലിയില്‍ കൂനപ്പിള്ളില്‍ എബ്രഹാം കശ്ശീശായുടെ ചരമ സുവര്‍ണ ജൂബിലി ആഘോഷവും 18, 19 തീയതികളില്‍ നടക്കും.
ചടങ്ങുകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ പൗേലാസ് ദ്വിതീയന്‍ കാതോലിക്ക ബാവയും മെത്രാപ്പോലീത്തമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ് എന്നിവരും പ്രധാന കാര്‍മികത്വം വഹിക്കും.
വെള്ളിയാഴ്ച വൈകീട്ട് 5.30ന് കാതോലിക്ക ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും വെട്ടിക്കല്‍ കവലയില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഇവരെ പള്ളിയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകും. 6 മണിക്ക് സന്ധ്യാ നമസ്കാരത്തിന് ശേഷം ദേവാലയ കൂദാശയുടെ ഒന്നാം ഘട്ടവും അത്താഴ സദ്യയും നടക്കും.
ശനിയാഴ്ച രാവിലെ 6.30ന് പ്രഭാത നമസ്കാരത്തിന് ശേഷം ദേവാലയ കൂദാശയുടെ രണ്ടാം ഘട്ടം. തുടര്‍ന്ന് കാതോലിക്ക ബാവയുടെ പ്രധാന കാര്‍മികത്വത്തില്‍ കുര്‍ബാന.
പള്ളി സ്ഥാപകന്‍ ഓലിയില്‍ കൂനപ്പിള്ളില്‍ എബ്രഹാം കശ്ശീശായുടെ ചരമ സുവര്‍ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പൊതു സമ്മേളനത്തില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിക്കും.
കാതോലിക്ക ബാവ ആഘോഷം ഉദ്ഘാടനം ചെയ്യും. ഇന്നസെന്റ് എം.പി. മുഖ്യാതിഥിയാകും. യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ് മെത്രാപ്പോലീത്ത സ്മരണിക പ്രകാശനം ചെയ്യും. ഒ.വി. എബ്രഹാം അനുസ്മരണ പ്രസംഗം നടത്തും.