ബോട്ട് നടുക്കടലില്‍ നിന്നുപോയത് അന്വേഷിക്കണം -സി.പി.എം.
Posted on: 16 Sep 2015
കൊച്ചി: ഫോര്‍ട്ടുകൊച്ചി ബോട്ട് ദുരന്തത്തെ തുടര്‍ന്ന് ആരംഭിച്ച സര്‍വീസ് ബോട്ട് നടുക്കടലില്‍ നിന്നുപോയത് അന്വേഷിക്കണമെന്ന് സി.പി.എം. ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
11 പേരുടെ മരണത്തിനിടയാക്കിയ ദുരന്തമുണ്ടായിട്ടും കോര്‍പ്പറേഷനും സര്‍ക്കാറും ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്പിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് ഈ യന്ത്രത്തകരാര്‍.
കുട്ടനാട് പ്രദേശത്ത് ചരക്ക് കൊണ്ടുപോകുന്ന ബാര്‍ജ് രൂപമാറ്റം വരുത്തി യാത്രാ ബോട്ടാക്കി സര്‍വീസ് നടത്തുന്നു എന്നറിഞ്ഞപ്പോള്‍ത്തന്നെ വിദഗ്ദ്ധരുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ സര്‍വീസ് ആരംഭിക്കാന്‍ പാടുള്ളൂ എന്ന് സി.പി.എം. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഏകപക്ഷീയമായി കോര്പ്പറേഷന് ബോട്ട് സര്‍വീസ് ആരംഭിക്കുകയായിരുന്നു.
ബാര്‍ജ് ഡിസൈന്‍ ചെയ്ത ആള്‍തന്നെ രൂപമാറ്റം വരുത്തി യാത്രാബോട്ടാക്കുകയായിരുന്നു. ഇതിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയതും അന്വേഷിക്കണം.
ബാര്‍ജിനെ യാത്രബോട്ടാക്കി മാറ്റിയതില്‍ അപാകങ്ങളുണ്ടെന്ന് വിദഗ്ദ്ധര്‍തന്നെ അഭിപ്രായപ്പെടുന്നു. കോര്‍പ്പറേഷനും സര്‍ക്കാറും ജനങ്ങളുടെ ജീവന്‍വച്ച് പന്താടുന്നത് അനുവദിക്കില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ് മുന്നറിയിപ്പ് നല്കി.